ലക്ഷങ്ങൾ ചെലവിട്ട് സ്വകാര്യ റിസോർട്ടിൽ താമസിച്ച് ചിന്തയുടെ ലളിത ജീവിതം ; പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കർ

തിരുവനന്തപുരം : ലളിത ജീവിതം, ഉയർന്ന ചിന്ത, ഒന്നേമുക്കാൽ വർഷമായി ലക്ഷങ്ങൾ ചെലവിട്ട് സ്വകാര്യ റിസോർട്ടിൽ താമസിച്ച യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ. ജയശങ്കർ. കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു ചിന്ത. ലക്ഷങ്ങൾ ചിലവിട്ടുകൊണ്ടുള്ള ഈ താമസമാണ് ഇപ്പോഴത്തെ വിവാദം.

വിഷയത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതിയും നൽകി. കൊല്ലം തങ്കശ്ശേരിയിലെ നക്ഷത്ര റിസോർട്ടിൽ ചിന്തയും അമ്മയും ഒന്നേമുക്കാൽ വർഷമായി കഴിയുമ്പോൾ 38 ലക്ഷം രൂപയാണ് റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഇത്ര വലിയ തുക വാടക നൽകാനുള്ള സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടടത്.

വിവാദം കനത്തതോടെ അമ്മയുടെ ആയുർവേദ ചികിത്സയ്‌ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നാണ് ചിന്ത ജെറോം പറഞ്ഞത് . ചികിത്സയ്‌ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ കുറിപ്പ് .

ലളിത ജീവിതം, ഉയർന്ന ചിന്ത എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് . ‘ അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും.‘ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയുമാണെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു . ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട് .