കോവിഡ് വ്യാപനം: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രില്‍ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

കോവിഡ് കണക്കുകള്‍ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ (ബിസിനസ് അഡ്മിനിസ്ട്രേഷന്‍) പരീക്ഷ ചൊവ്വാഴ്ച രാവിലെ 7.30ന് നിശ്ചയിച്ചിരിക്കുന്നത്. 1046 അപേക്ഷകരുള്ള പരീക്ഷയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് സെന്ററുള്ളത്. –

അഞ്ച് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലായിരുന്നു. പരീക്ഷ രാവിലെ 7.30ന് ആയതിനാല്‍ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കോവിഡ് രൂക്ഷമായതിനാല്‍ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പല ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനവും നിലവില്‍ പര്യാപ്തമല്ല. കൂടാതെ പരീക്ഷാര്‍ഥികളില്‍ നല്ലൊരു വിഭാഗം കോവിഡ് ബാധിതരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ ആണ്. കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ ആവശ്യം.