ഞാന്‍ കാന്റിലേക്ക് പോയ സമയം നോക്കി അവള്‍ പ്രസവിച്ചു, മൂത്ത മകന്‍ ജനിച്ചതിനെ കുറിച്ച് ആനന്ദ് നാരായണന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആനന്ദ് നാരായണ്‍. അവതാരകനായി എത്തി പിന്നീട് നടനായി മാറിയ താരം. 2014ലാണ് അഭിനയ രംഗത്ത് ആനന്ദ് എത്തുന്നത്. ആദ്യത്തെ സീരിയലില്‍ താരത്തിന് ശോഭിക്കാന്‍ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ സീരിയലുകളിലൂടെ മുന്‍നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയര്‍ന്നു.

നിലവില്‍ കുടുംബവിളക്ക് എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയുടെ ഭാഗമാണ് ആനന്ദ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. ആദ്യം പ്രണയം പറഞ്ഞപ്പോള്‍ സമ്മതമല്ലെന്നായിരുന്നു ഭാര്യയുടെ മറുപടിയെന്നും പിന്നീട് കുറച്ച് ദിവസം കൂടി പിറകെ നടന്ന ശേഷമാണ് സമ്മതം ഭാര്യ പറഞ്ഞതെന്നും നടന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആനന്ദ് തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആരാധകര്‍ പലപ്പോഴായി ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ആനന്ദ് മറുപടി പറഞ്ഞത്. ‘ഞാന്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചത് കഞ്ഞി കുടിച്ച് പോകാന്‍ വേണ്ടിയാണ്. മക്കള്‍ വളര്‍ന്നതിനാല്‍ അവരെ നോക്കാന്‍ വേണ്ടി ഭാര്യ മിനി ഇപ്പോള്‍ ജോലി രാജി വെച്ചിരിക്കുകയാണ്. അതൊരു സ്ഥിര വരുമാനമായിരുന്നു. എന്റെ ജോലിക്ക് എപ്പോഴും സ്ഥിരത ഉണ്ടായിക്കൊള്ളമെന്നില്ല. അതെല്ലാം കണക്കിലെടുത്താണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. എല്ലാവരും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട് ശിവാഞ്ജലിയെ യുട്യൂബ് ചാനലില്‍ അതിഥികളായി കൊണ്ടുവരണമെന്നത്. ഗോപികയും സജിനും ഷൂട്ടിങ് സമയത്ത് മാത്രമാണ് ഒരുമിച്ച് വരുന്നത്. സമയം ഒത്തുവരാത്തതിനാലാണ് അവരെ കൊണ്ടുവരാന്‍ സാധിക്കാതിരുന്നത്.’

‘ജീവിതത്തിലെ ഒരിക്കലും മറക്കാത്ത സംഭവം മൂത്തമകന്‍ ജനിച്ചതാണ്. ഞങ്ങള്‍ക്ക് കാറ്ററിങ് ഉണ്ട്. ഒരു ഏപ്രില്‍ 25ന് ആണ് മകന്‍ ജനിച്ചത്. അതിന്റെ താലേന്ന് ഞാന്‍ ഒരു കല്യാണ മണ്ഡപത്തില്‍ ആയിരുന്നു. തലേന്ന് അവള്‍ വിളിച്ച് വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞു. പിന്നെ വേദന കുറഞ്ഞു. ഉടന്‍ തന്നെ വേഗം ഞാന്‍ വന്നു. ശേഷം വീണ്ടും വേദന വന്നപ്പോള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. അവള്‍ക്ക് വേദന വന്നപ്പോള്‍ മുതല്‍ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ലേബര്‍ റൂമില്‍ കയറ്റിയപ്പോഴും ഞാന്‍ വെളിയില്‍ നിന്നു. അപ്പോഴൊന്നും അവള്‍ പ്രസവിച്ചില്ല. ഞാന്‍ കാന്റിലേക്ക് പോയ സമയം നോക്കി അവള്‍ പ്രസവിച്ചു. അങ്ങനെയാണ് മൂത്ത മകന്‍ പിറന്നത്. അത് ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നതാണ്’ ആനന്ദ് നാരായണന്‍ പറയുന്നു.