കമ്പകക്കാനത്തെ മന്ത്രവാദി കൃഷ്ണനെയും കുടുംബത്തെയും കൂട്ടക്കുരുതി കൊടുത്ത അനീഷ് അറസ്റ്റില്‍

ഇടുക്കി വണ്ണപ്പുറം കമ്ബകക്കാനത്ത് കൂട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി അനീഷ് അറസ്റ്റില്‍. നേര്യമംഗലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല നടത്താനായി കൃഷ്ണന്റെ വീട്ടിലേക്കു അനീഷും ലിബീഷും പോകുന്നതിനിടയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. പെട്രോള്‍ പമ്ബില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. മറ്റു സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച്‌ മന്ത്രവിദ്യകള്‍ സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പണവും സ്വര്‍ണവും അപഹരിക്കുന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നു.

കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നു വിശ്വസിച്ച കേസിലെ മുഖ്യപ്രതി അനീഷ്, കൃഷ്ണനെ കൊലപ്പെടുത്തി വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കാനാണ് കൂട്ടക്കൊല പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്. അനീഷ് മൂന്നു വര്‍ഷം മുന്‍പ് മന്ത്രവാദം പഠിക്കാന്‍ കൃഷ്ണനെ സമീപിച്ചിരുന്നു.

തുടര്‍ന്ന് കൃഷ്ണന്‍ അനീഷിനെ ശിഷ്യനാക്കുകയായിരുന്നു. പിന്നീട് ചില വിഷയങ്ങളുടെ പേരില്‍ അനീഷും കൃഷ്ണനും അകന്നു. സ്വയം ചെയ്ത മന്ത്രവാദങ്ങള്‍ പരാജയപ്പെട്ടതിനു പിന്നില്‍ കൃഷ്ണന്റെ പൂജകളുടെയും മൂര്‍ത്തികളുടെയും ശക്തിയാണെന്നും അനീഷ് വിശ്വസിച്ചു. തുടര്‍ന്നാണ് കൃഷ്ണനെ കൊലപ്പെടുത്താന്‍ അനീഷ് പദ്ധതി തയാറാക്കിയത്.

അതേസമയം, കേസില്‍ പോലീസ് അറസ്റ്റു ചെയ്ത അനീഷിന്റെ കൂട്ടു പ്രതി ലിബീഷ് ബാബുവിനെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.