മരിച്ചു വന്നാല്‍ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെണ്‍കുട്ടികള്‍, അഞ്ജലി ചന്ദ്രന്‍ പറയുന്നു

വിസ്മയയുടെ മരണത്തോടെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ശാരീരിക മാനസിക ഉപദ്രവത്തിന് വഴങ്ങാതെ ഇറങ്ങി പോന്നൂടാരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകള്‍ ഇറങ്ങി പോന്നാല്‍ അവളെ മോശമായി വിലയിരുത്തുന്ന സമൂഹമാണ് നമ്മുടേത് എന്ന് പറയുകയാണ് അഞ്ജലി ചന്ദ്രന്‍. ഇനി ദമ്പതികള്‍ മാറി താമസിച്ചാല്‍ ഇരു കുടുംബങ്ങളും അവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അഞ്ജലി വ്യക്തമാക്കുന്നു.

അഞ്ജലി ചന്ദ്രന്റെ കുറിപ്പ്, രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ഇറങ്ങിപ്പോരൂ പെണ്‍കുട്ടികളെ എന്ന ആഹ്വാനം കാണുകയാണ്. ഈ ഇറങ്ങി വന്ന പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ കുറേ കേട്ടതില്‍ നിന്നും ചിലത് ഇവിടെ പങ്കു വെയ്ക്കുന്നു. ബന്ധുക്കളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിലും സ്ത്രീ ശബ്ദങ്ങള്‍ ഉയര്‍ന്നു നില്‍ക്കും. കല്യാണ , മരണ വീടുകളിലെ വില്ലന്‍ കഥാപാത്രമായി നമ്മള്‍ മാറാന്‍ ഉള്ള ഏക കാരണം മിക്കവാറും ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നടക്കുന്നതാവും?? . മരിച്ചു വന്നാല്‍ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെണ്‍കുട്ടികള്‍ .

ഇനി വീട്ടുകാരുടെ പീഡനം സഹിക്കാതെ ചെക്കനും പെണ്ണും മാറി താമസിച്ചാല്‍ കുടുംബത്തിലുടനീളം ഭ്രഷ്ട് കല്‍പ്പിച്ചു കിട്ടും രണ്ടാള്‍ക്കും . സഹജീവിയെ പരിഗണിച്ചതിന് സമൂഹം പലപ്പോഴും അവന് ചാര്‍ത്തിക്കൊടുക്കുന്ന പേര് പെണ്‍ കോന്തന്‍ എന്നാവും. സ്വന്തം പെണ്‍മക്കള്‍ക്ക് ടിവിയുടെ മുന്നില്‍ ഗ്ലാസില്‍ വെള്ളമെത്തിക്കുന്ന അമ്മമാര്‍ക്ക് നിര്‍ത്തിപ്പൊരിക്കാന്‍ കിട്ടുന്ന ഒന്നാണ് പലപ്പോഴും മകന്റെ ഭാര്യമാര്‍. അച്ഛനുമമ്മയ്ക്കും കുരങ്ങ് കളിപ്പിക്കാന്‍ നിന്നു കൊടുക്കാന്‍ വ്യക്തിത്വമുള്ള ഒരുത്തനും തയ്യാറാവില്ല എന്നത് കണ്ടിട്ടുണ്ട്.

ഞങ്ങളവളെ ഒന്നു തൊട്ടു വേദനിപ്പിച്ചിട്ടില്ല എന്നു പറഞ്ഞു നടക്കുന്ന ചിലര്‍ വീട്ടിലെ മരുമകള്‍ക്ക് കൊടുക്കുന്ന മെന്റല്‍ ടോര്‍ച്ചര്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല. അടിയുടെയും കുത്തിന്റെയും പൊള്ളലിന്റെയും തീവ്രത മാത്രമല്ലേ നമുക്ക് പുറത്തേയ്ക്ക് കാണാന്‍ പറ്റൂ. സുഹൃത്തുക്കളെ ഫോണ്‍ ചെയ്യാന്‍ , ഒരാഴ്ച സ്വന്തം വീട്ടില്‍ നില്‍ക്കാന്‍, ബന്ധുക്കളുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒക്കെ വിലക്ക് നേരിടുന്ന പലരെയും അറിയാം. ഇവരെ വിലക്കുന്ന വീട്ടുകാരെ പറ്റി കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാവാറുണ്ട്. പൊതുസമ്മതരായ , ലോകം കണ്ട , ഉയര്‍ന്ന ഉദ്യോഗസ്ഥരാവും പലപ്പോഴും ഈ അച്ഛനമ്മമാര്‍. സമൂഹത്തിനു മുന്‍പില്‍ പ്രായം കൊണ്ട് സഹതാപത്തിന്റെ കോളത്തില്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങി എല്ലാ പ്രശ്‌നങ്ങളും അപ്പുറത്തുള്ളവരുടെ തലയിലാക്കാന്‍ പ്രത്യേക സിദ്ധി ആര്‍ജ്ജിച്ചവരാണ് ഈ ടീം.

സ്ത്രീധനം ചോദിച്ചു വാങ്ങാത്ത വടക്കന്‍ ജില്ലക്കാരിലെ ഭൂരിപക്ഷവും വീടും സ്ഥലവും ആസ്തിയും നോക്കി തന്നെയാണ് അറേഞ്ച്ഡ് മാര്യേജില്‍ ജീവിതം തുടങ്ങാറുള്ളൂ. ഭാര്യയുടെ സ്വര്‍ണം എത്രയുണ്ടെന്ന് തനിക്കറിയില്ല അത് നോക്കാന്‍ തനിയ്ക്ക് ഉദ്ദേശമില്ല എന്നു പറഞ്ഞതിന് കഴിവുകെട്ടവന്‍ എന്ന ലേബല്‍ അച്ഛനുമമ്മയും ഒട്ടിച്ചു കൊടുത്ത മക്കളുണ്ട് ഇവിടങ്ങളില്‍. എതിര്‍പ്പുകള്‍ക്കിടയില്‍ എങ്ങനെയെങ്കിലും ജീവിച്ചു തുടങ്ങുന്നവരെ പറ്റി ഏഷണി പറയാനായി മാത്രം ഫോണ്‍ തൊടുന്ന ബന്ധുസ്‌നേഹം കണ്ടും കേട്ടും ഞാനും വീര്‍പ്പുമുട്ടിയിട്ടുണ്ട്. കുറ്റം പറയരുതല്ലോ ഇതില്‍ മുമ്പില്‍ സ്ത്രീകളാണ് . ഇനി വേറൊരു വിഭാഗമുണ്ട് . ലോകപ്രശസ്ത മാധ്യമങ്ങള്‍ തോറ്റു പോവുന്ന രീതിയില്‍ ന്യൂസുകള്‍ പാസ് ചെയ്യാനുള്ള ഇവരുടെ കഴിവ് അപാരമാണ്. ഒരു പെണ്‍കുട്ടി രണ്ടു ദിവസത്തിലധികം സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചാല്‍ ഇവര്‍ക്ക് ഉറക്കം നഷ്ടപ്പെടും . പിന്നെ അവള്‍ അഹങ്കാരിയായി അധിക പ്രസംഗിയായി അവസാനം കൊലപാതകത്തിനു സമമായ കുറ്റത്തിന് അവളില്ലാത്ത സ്ഥലങ്ങളില്‍ അവളുടെ സ്വഭാവ വിചാരണ നടക്കും. അനുഭവസാക്ഷ്യത്തില്‍ ഇതും പലപ്പോഴും സ്ത്രീകളുടെ സ്‌പെഷ്യല്‍ ഏരിയ ആണ്.

ഇനി ചിലരുണ്ട് ആശയപരമായി ഈ പെണ്‍കുട്ടികളുടെ ഒപ്പമാണെങ്കിലും പ്രത്യക്ഷ്യത്തില്‍ ഒരു വാക്ക് കൊണ്ടു പോലും ഈ പെണ്‍കുട്ടികളുടെ കൂടെ നില്‍ക്കില്ല. തെളിഞ്ഞ വെള്ളത്തില്‍ നില്‍ക്കുക അഥവാ നല്ല പിള്ള ചമയുക എന്ന ഈ സ്‌കില്ലും വകയില്‍ ഇരട്ടത്താപ്പിന്റെ അനിയനായിട്ടു വരും. എന്നിട്ട് സമയാസമയം അനുകമ്പ, കാരുണ്യം എന്നിവയൊക്കെ വാരി വിതറും. പ്രിയ പെണ്‍കുട്ടികളേ നിങ്ങള്‍ക്കു വേണ്ടി പകല്‍ വെളിച്ചത്തില്‍ പൊരുതാതെ , നിങ്ങളെ ചേര്‍ത്തു നിര്‍ത്താതെ, കാണുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ മാത്രം നിങ്ങളെ ഓര്‍ത്ത് ആധി കയറുന്ന ഇവരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്. നേരിട്ടു മുഖത്തു നോക്കി കുറ്റം പറയുന്നവരിലും വിഷമാണ് ഇത്തരക്കാര്‍. നിങ്ങള്‍ക്ക് ഇവരാരും തരുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യം വെച്ചല്ല നിങ്ങള്‍ അരി വാങ്ങാന്‍ പോവുന്നത് എന്ന ഒറ്റ തിരിച്ചറിവില്‍ ഇവരെയൊക്കെ നൈസായി അവഗണിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ജീവിതത്തില്‍ നിങ്ങള്‍ വിജയിച്ചു തുടങ്ങി.