‘കുഴിമന്തി അഞ്ജുശ്രീ അടുത്ത ദിവസവും കഴിച്ചു’; സഹോദരിയുടെ വെളിപ്പെടുത്തൽ

കാസർകോട് . കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവവുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ജുശ്രീയും സുഹൃത്തുക്കളും ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി കഴിച്ച കുഴിമന്തി പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീയുടെ വെളിപ്പെടുത്തൽ. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി ആണ് കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റു മരിച്ചത്.

കഴിഞ്ഞ ഡിസംബർ 31നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്ത് വരുത്തുന്നത്. ഇതേഭക്ഷണം അഞ്ജുശ്രീ പിറ്റേന്നും കഴിച്ചതായി സഹോദരി അനുശ്രീ വെളിപ്പെടുത്തി. താനുൾപ്പെടെ നാലുപേർ ഭക്ഷണം കഴിച്ചതായും ഇതിൽ രണ്ടുപേർക്ക് ഛർദിയും വയറുവേദനയും ഉണ്ടായെന്നും അനുശ്രീ പറഞ്ഞിരിക്കുന്നു.

ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഞ്ജുശ്രീ വീട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെ കുട്ടിയ്ക്ക് ബോധക്ഷയം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ചവർക്കും ഭക്ഷ്യവിഷബാധയേറ്റു. അവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു പറഞ്ഞിട്ടുണ്ട്.

സംഭവത്തിൽ അൽ റൊമൻസിയ ഹോട്ടൽ ഉടമയടക്കം മൂന്നുപേർ അറസ്റ്റിലായി. ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പൊലീസ് ഈ സാഹചര്യത്തിലും പറയുന്നത്.

അതേസമയം, അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്നാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി എം ഒ ഡോ രാംദാസ് പറഞ്ഞിട്ടുണ്ട്. മംഗലാപുരത്തെ ആശുപത്രി റിപ്പോർട്ടിൽ നിന്ന് അതാണ് മനസിലാക്കുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണം ഉണ്ടാവുമെന്നും ഡി എം ഒ പറഞ്ഞു.