ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്

കല്‍പറ്റ. സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിട്ടു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങിന്റേതാണ് ഉത്തരവ്. ബത്തേരിക്കടത്തുള്ള വനമേഖലയിലാണ് നിലവില്‍ കാട്ടാനായുള്ളത്. ആര്‍ആര്‍ടി സംഘം ആനയെ മയക്കുവെടി വെയ്ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

ഇന്ന് ആനയെ ലൊക്കേറ്റ് ചെയ്ത ശേഷം നാളെ പുലര്‍ച്ചയോടെ ആനയെ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ ഏറെ അപകടം വിതച്ചിട്ടുള്ള കൊലയാളി കാട്ടാനയെന്ന് കുപ്രസിദ്ധി നേടിയിട്ടുള്ള ആനയാണിത്. കഴിഞ്ഞ ദിവസമാണ് ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തിയത്.

ജനവാസമേഖലയിലിറങ്ങിയ കാട്ടാന നാടിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാക്കിരിക്കുകയാണ്. മയക്കുവെടിവെയ്ക്കാന്‍ അധികൃതര്‍ ഉത്തരവിടാന്‍ വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു.

പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് പരിക്കേറ്റത്. ഇയാള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡും നടപ്പാതയും തമ്മില്‍ വേര്‍തിരിക്കുന്ന ഹാന്‍ഡ് റെയില്‍ ഉള്ളതുകൊണ്ട് ഭാഗ്യത്തിലാണ് സുബൈര്‍കുട്ടി രക്ഷപ്പെട്ടത്.