പ്രിയ വര്‍ഗീസിന്റെ നിയമനം, വിധി അന്തിമമല്ല, പരാതിക്കാരന് സുപ്രീംകോടതിയെ സമീപിക്കാം – ഗവര്‍ണര്‍

കൊച്ചി . കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമനത്തിൽ പ്രിയ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി വിധി അന്തിമമല്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. കോടതി വിധിയെ ബഹുമാനിക്കുന്നെന്നും വിധിയില്‍ വിശദീകരണം നല്‍കാന്‍ താത്പര്യമില്ലെന്നും, ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണ് താനെന്നും ഗവര്‍ണര്‍ പ്രതികരിക്കുകയുണ്ടായി.

കണ്ണൂര്‍ സര്‍വകലാശാല അസോസ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ ഡോ. പ്രിയ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്നത് ഇന്നലെയായിരുന്നു. പ്രിയയ്ക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയാണ് ഉണ്ടായത്. എട്ട് വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും, നാഷണല്‍ സര്‍വീസ് സ്‌കീമിലെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റെസ് സര്‍വീസിലെ പ്രവര്‍ത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉള്‍പ്പെടുത്തിയ സംഭവമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് 2022ല്‍ തള്ളുന്നത്.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് പ്രിയ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഒരു അധ്യാപകയുടെ പിഎച്ച്ഡി കാലവും ഡെപ്യൂട്ടേഷനും അധ്യാപന പരിചയമായി കണക്കാക്കുവാന്‍ കഴിയുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്നു വന്നിരുന്ന ചോദ്യം.

അധ്യാപന പരിചയത്തില്‍ നിന്ന് ഗവേഷണവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും മാറ്റി നിര്‍ത്തേണ്ടതല്ലെന്നാണ് ഇപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ അധ്യാപികയുടെ ഗവേഷണ കാലയളവും എന്‍എസ്എസ് ചുമതലയും അധ്യാപന പരിചയമല്ലെന്ന് കണ്ടെത്തുന്നത് മുൻപേ യുജിസി അംഗീകൃത ഗവേഷണ പ്രോഗ്രാമുകള്‍ ഏതൊക്കെയാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തണമായിരുന്നു എന്നാണ് കോടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.