ഞാന്‍ എവിടെയും ഒളിക്കില്ല, തന്നെ ശിക്ഷിക്കാന്‍ പോലീസിന് തെളിവില്ലെന്ന് കെ സുധാകരന്‍

കൊച്ചി. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ സുധാകരനെ ജാമ്യത്തില്‍ വിട്ടു. തന്നെ ശിക്ഷിക്കുവാനുള്ള തെളിവ് പോലീസിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഞാന്‍ എവിടെയും ഒളിക്കില്ല. ആത്മവിശ്വാസമുണ്ടെന്നും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. എന്തും ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. മോന്‍സന് ശിക്ഷ ലഭിച്ചു കഴിഞ്ഞതിനാല്‍ അതില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോന്‍സന്‍ ഒന്നാം പ്രതിയായ കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയാണ്.