പിഎഎഫ്എഫിന് വിലക്ക്, അർബാസ് അഹമ്മദ് മിറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു

ന്യൂഡൽഹി. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന് നിരോധനമേർപ്പെ ടുത്തിയതിനു പിറകെ ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീർ പതിപ്പായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന് വിലക്കേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിലും മറ്റ് പല സ്ഥലങ്ങളിലുമായി ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ സംഘടന പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ഭാഗമായി പ്രവർത്തിച്ച അർബാസ് അഹമ്മദ് മിർനെ ഭീകരനായും കേന്ദ്രം പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് അര്‍ബാസിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധ്യാപികയായിരുന്ന രജനി ബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനാണ് അര്‍ബാസ് അഹമ്മദ് മിര്‍. കഴിഞ്ഞ വര്‍ഷം മെയ്യില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചാണ് അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ ജൂണില്‍ രജനി ബാലയെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

1967ലെ തീവ്രവാദ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിവരം അറിയിച്ചിരിക്കുന്നത്. ആസൂത്രിത കൊലപാതകങ്ങളിലും കശ്മീരിൽ തീവ്രവാദത്തിനെ പിന്തുണയ്‌ക്കുന്നതിലും സ്‌ഫോടക വസ്തുക്കൾ കടത്തുന്നതിലും പങ്കാളിയാണ് അർബാസ് അഹമ്മദ് മിർനെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പീപ്പിൾസ് ആന്റി ഫാസിസ്റ്റ് സംഘടന വിവിധ തരത്തിലുളള ഭീഷണികൾ ഉയർത്തുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്നവർക്കും രാഷ്‌ട്രിയ പ്രവർത്തകർക്കും സുരക്ഷ സേനകൾക്കും സാധാരണക്കാർക്കും സംഘടന നിരന്തരമായി ഭീഷണി ഉയർത്തുന്നുവെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലും ഗൂഡാലോചന നടത്തുകയും അക്രമാസക്തമായ നിരവധി പ്രവർത്തനങ്ങൾക്ക് മറ്റ് സംഘടനകളുമായി ചേർന്ന് പദ്ധതിയിട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാറ്റുന്നു. പിഎഎഫ്എഫ് വഴി കശ്മീർ താഴ്വരയിലുള്ള നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളുടെയും നിർമ്മാണത്തിൽ പങ്കാളിയാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണിത്.