ബീന ആന്‍റണിക്ക് സർപ്രൈസ് സമ്മാനമായി ചക്ക നല്‍കി മനോജ്, ഗിഫ്റ്റ് കലക്കിയെന്ന് ആരാധകര്‍

മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രേക്ഷകർക്ക് മുന്നിലെത്തി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.

ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും വിവാഹ വാർഷികമാണ് കഴിഞ്ഞ ദിവസം നടന്നത്. വിവാഹ വാർഷികം ഇത്തവണ ലോക് ഡൗണിൽ ആയത് കൊണ്ടുതന്നെ വിശേഷങ്ങൾ അധികമൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാൽ ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഭാര്യയ്ക്ക് ഇത്തരമൊരു സമ്മാനം കൊടുത്തതെന്ന് പറയുകയാണ് മനോജ് കുമാർ ഫേസ് ബുക്ക് പോസ്റ്റിലൂടെ…

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം “ലോക് ഡൗൺ” ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു.. വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ പെട്ടെന്ന് തലയിൽ ഒരു “ബൾബ് ” മിന്നി..രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നു”ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു എന്നാണ് അവൾ ആഗ്രഹം പറഞ്ഞതെന്ന് മനോജ് എഫ് ബി പോസ്റ്റിലൂടെ പറയുന്നു. ” ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു.. മാസ്കിട്ട് ഹെൽമറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു. നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി”

“അവള് ഹാപ്പി.ഞാനതിലേറേ ഹാപ്പി ആകെ ചിലവ് 160 രൂപ മാത്രം. ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് “പച്ച ചക്ക ” വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്.എന്താല്ലേ? എൻ്റെ “ലോക് ഡൗൺ പരമ്പര ദൈവങ്ങളേ ” എല്ലാം കാണുന്നുണ്ടല്ലോ അല്ലേ.എന്തായാലും ഇന്ന് തന്നെ “gift ” വറുക്കും..അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ . STAY HOME .. STAY SAFE”, എന്നും മനോജ് കുറിച്ചു.