നിയമനത്തിൽ ചട്ടലംഘനം, കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം∙ നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തൽ. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഡോ.എം.കെ.ജയരാജാണ് കാലിക്കട്ട് വിസി. ഡോ.എം.വി.നാരായണനാണ് സംസ്കൃത വിസി. ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ യുജിസിയോട് ഗവർണർ അഭിപ്രായം ആരാഞ്ഞു.

ഉത്തരവ് ഉടൻ പുറത്തിറക്കും. ഹിയറിങ്ങിന് ശേഷമാണു ഗവർണറുടെ നടപടി. ഓപ്പൺ,ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം ഗവർണർ തേടി. ഓപ്പൺ വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

നാലു വിസിമാരും അയോഗ്യരാണെന്നായിരുന്നു ഹിയറിങിനു ശേഷമുള്ള ഗവർണറുടെ നിലപാട്. ചട്ടങ്ങൾ പാലിക്കാതെ നിയമിച്ച വിസിമാർ അയോഗ്യരാണെന്നാണ് യുജിസിയുടെയും നിലപാട്. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങിനു ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. ഓപ്പൺ സർവകലാശാല വിസി ഹാജരായില്ല.