എൻഎസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരെ കേസ്, വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

തിരുവനന്തപുരം: ഗണപതിയെ മിത്തെന്ന് പ്രതിപാദിച്ച സ്പീക്കർ എ.എൻ. ഷംസീറിന്റെ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എൻഎസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രക്കെതിരേ പോലീസ് കേസെടുത്തു. പങ്കെടുത്ത ആയിത്തിലധികം പേർക്കെതിരേയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്. എൻ എസ് എസ് വൈസ് പ്രസിഡന്റെ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും പ്രതി ചേർത്തു. പാളയം മുതൽ പഴവങ്ങാടി വരെയാണ് ഘോഷയാത്ര നടത്തിയത്.

സ്പീക്കർ എ എൻ ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു എൻ എസ് എസ് ബുധനാഴ്ച നാമജപ ഘോഷയാത്ര നടത്തിയത്. പാളയത്തെ ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ചാണ് യാത്രയാരംഭിച്ചത്.ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി നിരവധിപേർ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ദീപാരാധനയോടെയാണ് റാലി സമാപിച്ചത്. രാവിലെ പഴവങ്ങാടിയിൽ 101 തേങ്ങയുടക്കുകയും ഗണപതി ഹോമം നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ കേസെടുത്തതിൽ പ്രതികരിച്ച് എൻഎ്എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാ‍ർ രംഗത്തെത്തി. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോ‍ർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് പറഞ്ഞു. ജാഥ നടത്തേണ്ടെന്ന് ആരും പറഞ്ഞില്ല. ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. സ്പെഷ്യൽ ബ്രാ‍‍‍ഞ്ചിൽ നിന്ന് എത്ര പേർ ഉണ്ടാകുമെന്ന് ചോദിച്ചിരുന്നു അതിനുള്ള മറുപടിയും നൽകിയിരുന്നുവെന്ന് സംഗീത് വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് നിയമത്തിന്റെ വഴിയിലൂടെ തന്നെ നേരിടുമെന്നും കേസിലെ ഒന്നാം പ്രതിയായ സംഗീത് കുമാർ പറഞ്ഞു.

സിപിഎം നിർദേശത്തെ തുടർന്നാണ് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്രക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് റിപ്പോർട്ട്. ഷംസീറിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗണപതി മിത്താണെന്നും ഷംസീർ മാപ്പുപറയില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.