നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സംഘം പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചത്. പരാതി നൽകിയിട്ടും കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് മർദ്ദനമേറ്റവർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ​ഗൺമാനെതിരെ കേസെടുത്തത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ​ഗൺമാനെ ചോദ്യം ചെയ്തത്. സിസിടിവി, ചാനൽ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷം നടപടിയെന്ന് ക്രൈംബ്രാഞ്ച് .

കഴിഞ്ഞ ഡിസംബർ 15-ന് ആലപ്പുഴയിൽ വച്ചാണ് സംഭവമുണ്ടായത്. നവകേരളാ ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്.

സംഭവത്തിൽ അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാർ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടരന്വേഷണം പുരോ​ഗമിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിട്ടുണ്ട്.