മുന്‍ചക്രം നന്നാക്കാന്‍ പോകവേ യുവതി കൈകാട്ടി, ഓട്ടോ മറിഞ്ഞ് പിഞ്ചു കുഞ്ഞിന്റെ ദാരുണാന്ത്യം ഇങ്ങനെ

റിസ്വാന്‍ കുമ്പള: ഓട്ടോറിക്ഷയുടെ മുന്‍ചക്രം ഊരിത്തെറിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് മാതാവിന്റെ കൈയില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊക്കച്ചാല്‍ പിലന്തൂറിലെ ഖാസിം-ഫായിസ ദമ്പതിമാരുടെ മകന്‍ റിസ്വാന്‍ (രണ്ട്) ആണ് മരിച്ചത്.

ബന്തിയോട് മീപ്പിരിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മുന്‍ചക്രത്തിന്റെ ബോള്‍ട്ടിന് പ്രശ്‌നമുള്ളത് നന്നാക്കാനായി വര്‍ക്ക് ഷോപ്പിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബന്തിയോട് ഭാഗത്തേക്ക് പോവാന്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ മാതാവ് കൈ കാണിച്ചപ്പോള്‍ ഡ്രൈവര്‍ അവരെ ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോയുടെ പ്രശ്‌നം കാര്യമാക്കാതെയാണ് ഡ്രൈവര്‍ ഇവരെ വാഹനത്തില്‍ കയറ്റിയതെന്നും ആരോപണമുണ്ട്.

മീപ്പിരി വളവെത്തിയപ്പോള്‍ ബോള്‍ട്ട് ഇളകിയതിനെത്തുടര്‍ന്ന് മുന്‍ചക്രം ഊരിത്തെറിച്ച ഓട്ടോ റോഡിലിടിച്ച് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല തകര്‍ന്ന കുഞ്ഞ് അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഡ്രൈവര്‍ കയ്യാറിലെ പ്രസാദി (26) നെതിരേ കുമ്പള പോലീസ് കേസെടുത്തു.