പരിമിതികളെ വരുതിയിലാക്കി ഒരു കർഷകൻ; അരുണിന്റെ കൃഷി നൽകുന്നത് മഹാ സന്ദേശം

ഊരകം പുല്ലഞ്ചാലിലെ കാരാട് അരുൺ എന്ന ഭിന്നശേഷിക്കാരൻ സമൂഹത്തിന് മുന്നിൽ മാതൃകയാകുന്നു. ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ലാത്ത അമ്പത്തിരണ്ടുകാരനാണ് സ്വന്തമായ കൃഷി നടത്തുന്നത്. ഒറ്റക്ക് അമ്പത് വാഴകളാണ് അരുൺ നട്ടുപിടിപ്പിച്ചത്.

അരുണിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പിങ്ങനെ

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല.

ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു… അതിരാവിലെ തുടങ്ങും അരുൺ കൃഷിയിടത്തിൽ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവർ ചെയ്തു നൽകും.അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..