ചന്ദനത്തിരിയ്ക്കും സോപ്പിനും പെൺപേര്, അലിഞ്ഞുതീരാനും എരിഞ്ഞടങ്ങാനും മനസില്ലെന്ന് ചിന്താ ജെറോം

അശ്ലീല യൂട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കരി ഓയിൽ ഒഴിച്ച സംഭവം കേരളത്തിൽ ഏറെ ചർച്ചയായിരുന്നു.അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രം​ഗത്തെത്തി.നിയമം കയ്യിലെടുക്കാൻ ഭാ​ഗ്യലക്ഷ്മിക്കും സംഘത്തിനും എന്താണവകാശമെന്നാണ് ചിലരുടെ അഭിപ്രായം.എന്നാൽ ഇത് നന്നായെന്നാണ് ചിലരുടെ അഭിപ്രായം

നിരവധി തവണ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം യൂട്യൂബർ വിജയ്‌ പി നായരെ കയ്യേറ്റം ചെയ്തത്.ഇപ്പോഴിതാ,ഈ സംഭവവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിൻറെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്

സ്ത്രീകളെ കുറിച്ച് മോശം പോസ്റ്റുകളിട്ടാൽ തല കുനിക്കേണ്ടത് സ്ത്രീകളല്ലെന്നും അതിടുന്ന ആളാണെന്നും ചിന്ത പറഞ്ഞു.കേരളത്തിലെ സ്ത്രീകളെല്ലാം ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ത്രീ വിരുദ്ധത സമൂഹ മാധ്യമങ്ങളിൽ പ്രകടമാണെന്നും ചിന്ത പറയുന്നു.വിജയ് പി നായരുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരകളാക്കപ്പെട്ട സ്ത്രീകൾക്കൊപ്പമാണ് മുഖ്യമന്ത്രി നിലനിന്നത്. പ്രതികരിക്കാനെത്തിയ സ്ത്രീകൾക്കെതിരെ വിമർശനം ഉണ്ടായതും സ്ത്രീ വിരുദ്ധതയുടെ ഭാഗമാണ്.സ്ത്രീകൾ പ്രതികരിച്ചു എന്നതാണ് വിവാദം.സ്ത്രീവിരുദ്ധതയാണ് ഇത്തരം വിവാദങ്ങളുടെ മുഖമുദ്ര.സ്ത്രീകൾക്ക് എതിരെ അക്രമം എവിടെ നടന്നാലും അതിൽ പ്രതികരിക്കേണ്ടത് ആവശ്യമാണ്.കേരളത്തിന്റെ ചരിത്രം പഠിച്ചാൽ ഇതു മനസിലാകും.മാറുമറയ്ക്കൽ സമരം അടക്കം അതാണ് നമ്മെ പഠിപ്പിക്കുന്നത്.അതിനാലാണ് കേരളം ഒരു മോഡലായി ഇപ്പോഴും നിലനിൽക്കുന്നത്

സോപ്പിന്റെ പേര് ചന്ദ്രിക.ചന്ദനതിരിയുടെ പേര് സന്ധ്യ,അലിഞ്ഞുതീരുന്നതിനും എരിഞ്ഞടക്കുന്നതിനും പെൺപേര് തന്നെ ശരണം എന്നാണ് ശ്രീജിത്ത്‌ അറിയല്ലൂരിന്റെ കവിത.എന്നാൽ,അങ്ങനെ അലിഞ്ഞുതീരാനും എരിഞ്ഞടങ്ങാനും സ്ത്രീകൾക്ക് മനസില്ല എന്ന പ്രഖ്യാപനമാണ് വേണ്ടത്.കേരളത്തിൽ സ്ത്രീകൾക്കെതിരെ കേസുകൾ കൂടിവരുന്നുവെന്ന് പറയുമ്പോൾ ആ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പരിഗണിക്കേണ്ടതെന്നും ചിന്ത അഭിപ്രായപ്പെട്ടു