മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ വച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണം. കൃത്യമായ അന്വേഷണം നടത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതികള്‍ കണ്ടെത്താനാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കരാര്‍ രൂപപ്പെട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

എല്ലാ വൈദ്യുതി കരാറും കെഎസ്ഇബിയുടെ വെബ്സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യ വത്കരണം ആരംഭിച്ചത് കോണ്‍ഗ്രസാണ്. അത് പൂര്‍ത്തീകരിക്കുന്ന ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. നേരത്തെ കരുതിയ ബോംബില്‍ ഒന്ന് ഇതാണെങ്കില്‍ അതും ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.