ഉത്സവഘോഷയാത്രയ്ക്കിടെ ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡിൽ തള്ളിയിട്ടു ; എസ്.ഐ.ക്കെതിരേ സി.പി.എമ്മിന്റെ പരാതി

പുല്ലാട്: ഉത്സവഘോഷയാത്രയ്ക്കിടെ എസ്.ഐ സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡിൽ തള്ളിയിട്ടതായി പരാതി. കാലുകൾക്ക് സ്വാധീനക്കുറവുള്ള സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ പോലീസുമായുണ്ടായ തർക്കത്തിനിടെ എസ്.ഐ തറയിൽ തള്ളിയിട്ടെന്നാണ് പരാതി. പരിക്കേറ്റ നേതാവ്കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം കോയിപ്രം സ്റ്റേഷനിലെ എസ്.എ. എഡ്വേഡ് ഗ്ലാഡ്‌വിനെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.എം. പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരുവല്ല ഡിവൈ.എസ്.പി. രാജപ്പന്റെ നേതൃത്വത്തിൽ മാർച്ച് പോലീസ് തടഞ്ഞു. പാർട്ടിയുടെ പരാതിയിന്മേൽ എസ്.ഐ.ക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം അറിയിച്ചു. 24 മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് ആവശ്യം

പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര പുല്ലാട് ജങ്ഷനിൽ ശനിയാഴ്ച വൈകീട്ട് ആറ്മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ടി.കെ. റോഡ് മുറിച്ചുകടന്നായിരുന്നു മടക്കയാത്ര. ഇതിനിടെ, റോഡിൽ ഗതാഗതതടസ്സമുണ്ടാക്കാനാകില്ലെന്ന് പറഞ്ഞ് എസ്.ഐ. എഡ്വേഡ് ഗ്ലാഡ്‌വിൻ വാഹനങ്ങൾ കടത്തിവിട്ടു. ഘോഷയാത്രയ്ക്കിടയിലേക്ക് വാഹനങ്ങൾ കയറിയതോടെ ഉത്സക്കമ്മിറ്റിക്കാർ പ്രതിഷേധവുമായി എത്തി.

ശേഷം പോലീസുമായി കമ്മിറ്റിയംഗങ്ങൾ ഉന്തും തള്ളുമായി. ഇതിനിടെയാണ് സന്തോഷ് കുമാറും സി.പി.എം. പുല്ലാട് എൽ.സി. അംഗം രാജേന്ദ്രൻ നായരും എസ്.െഎ.യുമായി തർക്കത്തിലായത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എസ്.െഎ. സന്തോഷിനെ പിന്നിലേക്ക് തള്ളിയിട്ടു. ഇദ്ദേഹം റോഡിലേക്കാണ് തലയിടിച്ചുവീഴുകയും ഉണ്ടായി. ഇതോടെ പാർട്ടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്ഉൾപ്പടെ നടത്തി.