പിണറായി രാജാവല്ലെന്ന് കെമാല്‍പാഷ, പിന്നാലെ സൈബര്‍ സഖാക്കളുടെ തെറിയഭിഷേകം; കേസെടുത്ത് പോലീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ആരും വിമര്‍ശിക്കരുത് എന്ന അവസ്ഥയാണ് കേരളത്തില്‍. ആരെങ്കിലും കുറ്റം പറഞ്ഞാല്‍ സൈബര്‍ സഖാക്കളുടെ വക പൊങ്കാലയായിരിക്കും. വൈറ്റില, കുണ്ടന്നൂര്‍ പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തയുടന്‍ ശനിയാഴ്ച രാവിലെ തന്നെ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ പിണറായിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരുന്നു. പിണറായി രാജാവല്ലെന്നും ഉദ്ഘാടനം ഓണ്‍ലൈനായിരുന്നെങ്കില്‍ ജനങ്ങള്‍ വട്ടംകറക്കാതെ അത് നേരത്തെ നടത്താമായിരുന്നില്ലേയെന്നുമായിരുന്നു കെമാല്‍ പാഷയുടെ വിമര്‍ശന ശരങ്ങള്‍. പക്ഷെ പറഞ്ഞു തീരും മുമ്‌ബേ കെമാല്‍പാഷയുടെ ഫോണിലേക്ക് സൈബര്‍ സഖാക്കളുടെ തെറിയഭിഷേകമായിരുന്നു മറുപടി.

നേരത്തെ പാലം ഉദ്ഘാടനം വൈകിച്ചതിനും കെമാല്‍ പാഷ ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. പാലം ഉദ്ഘാടനം വൈകിപ്പിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വി 4 കൊച്ചി പ്രവര്‍ത്തകരുടെ നടപടിയെയും അജ്ഞാതര്‍ പാലം തുറന്നുകൊടുത്ത നടപടിയെയും കെമാല്‍ പാഷ ശക്തമായി ന്യായീകരിച്ചിരുന്നു. ഇതെല്ലാം കൂടിയായപ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് ഹാലിളകി. എല്ലാം കൂടി കെമാല്‍ പാഷയുടെ ഫോണിലേക്ക് നിലയ്ക്കാത്ത തെറിയൊഴുക്കായിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചാണ് അധികം അസഭ്യവര്‍ഷങ്ങളും. ഒരു ലോക്കല്‍ ലാന്റ് ലൈന്‍ നമ്ബറില്‍ നിന്നും അസഭ്യം വിളിച്ചുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ തെറിവിളി നിര്‍ത്താന്‍ കെമാല്‍ പാഷ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു. പാലാരിവട്ടം പാലം ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി കെമാല്‍ പാഷയെ വിമര്‍ശിച്ചിരുന്നു. അരാഷ്ട്രീയത്തിന് കുടപിടിക്കരുതെന്നായിരുന്നു വിജയന്റെ വിമര്‍ശനം. നീതിപീഠത്തില്‍ ഉന്നത സ്ഥാനം വഹിച്ചവര്‍ ഉത്തരവാദിത്വമില്ലാത്ത വിമര്‍ശനം നടത്തരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ജനകീയ സമരങ്ങളെ അരാഷ്ട്രീയ വാദം എന്ന് വിളിക്കരുതെന്നായിരുന്നു ഇതിനോടുള്ള കെമാല്‍ പാഷയുടെ പ്രതികരണം.