ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ ലൈംഗികാതിക്രമം: യുവതി രക്ഷപ്പെട്ടത് ശൗചാലയത്തിലൊളിച്ച്

ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ ലൈംഗികാതിക്രമം. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് ശൗചാലയത്തിലൊളിച്ചാണ്.

ഇന്നലെ രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രതിരിച്ച തുരന്തോ എക്സ്പ്രസിലാണ് സംഭവം. ലൈംഗിക ആക്രമണത്തില്‍ രക്ഷപ്പെടാനായി ശൗചാലയത്തിലാണ് പിന്നീട് യുവതി യാത്രചെയ്തത്. കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിക്ക് നേരെയാണ് സൈനികന്റെ ലൈംഗികാക്രമണം ഉണ്ടായത്.

മദ്യലഹരിയിലായിരുന്ന സുബേദാര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടാനായി യുവതി തീവണ്ടിക്കുള്ളിലെ ശൗചാലയത്തില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. തീവണ്ടി ഡല്‍ഹിയില്‍ എത്തുന്നത് വരെ യുവതി ശൗചാലയത്തിനുള്ളിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ എത്തിയ ഉടന്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തില്‍ 48 വയസ്സുള്ള സൈനികനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.