ഐശ്വര്യയെ സുഹൃത്തെന്ന് വിളിച്ച് ധനുഷ്; പുതിയ ആല്‍ബത്തിന് അഭിനന്ദനം, ഒന്നിക്കണമെന്ന് ആരാധകരും

ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹ മോചനം തെന്നിന്ത്യന്‍ സിനിമാ മേഖലയാകെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്ന.ഇരുവരും ഇക്കാര്യം അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായി വേര്‍പിരിയലിന് ശേഷവും തുടരുകയാണ്.

ഇപ്പോള്‍ ധനുഷ് ഐശ്വര്യക്കായി നല്‍കിയ ആശംസയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഐശ്വര്യ രജനികാന്തിനെ ഒമ്ബത് വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് മടങ്ങിയെത്തിയതിനാണ് അദ്ദേഹം അഭിനന്ദിച്ചത്. വ്യാഴാഴ്ച ഐശ്വര്യ രജനികാന്ത് തന്റെ തമിഴ് ഗാനം ‘പയനി’ പുറത്തിറക്കി. അനിരുദ്ധ് പാടിയ ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് തിവാരിയും വരികള്‍ വിവേകയുടേതുമാണ്.

ഐശ്വര്യയുടെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവിന് ഐശ്വര്യയെ അഭിനന്ദിച്ചു, അവരുടെ അച്ഛന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ എത്തിയിരുന്നു. ധനുഷ് ട്വീറ്റ് ചെയ്തത് ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് . ‘നന്ദി ധനുഷ്’ എന്നായിരുന്നു ഐശ്വര്യയുടെ റിട്വീറ്റ്.പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.