ഒന്നരക്കോടി കൈയ്യിലുണ്ടോ? ഫ്ലാറ്റും വീടും വില്ലയും ഒന്നും വാങ്ങേണ്ട, ഒരു ദ്വീപ് തന്നെ വാങ്ങാം

സ്വന്തമായി ഒരു വീട്, ഒരു ഫ്ലാറ്റ് എന്നിവയൊക്കെ സ്വന്താമായി വാങ്ങണമെന്ന് ആഗ്രഹമില്ലാത്തവരായി ആരും ഉണ്ടാവാറില്ല. ഇന്ത്യയിലെ ഒരു നഗരത്തിൽ വീടായാലും അപ്പാർട്ട്‌മെന്റായാലും വാങ്ങണമെങ്കിൽ ചില്ലറക്കാര്യമല്ല. അത്യവശ്യം നല്ല പണം ഉണ്ടെങ്കിൽ മാത്രമേ ആ സ്വപ്‌നം നടക്കൂ. എന്നാൽ ആ പണം ഉണ്ടെങ്കിൽ വീടല്ല ഒരു ദ്വീപ് തന്നെ സ്വന്തമാക്കാമെങ്കിലോ? ഞെട്ടേണ്ട സംഗതി യാഥാർഥ്യമാണ്.

കയ്യിൽ ഒന്നരക്കോടി എടുക്കാനുണ്ടെങ്കിൽ സ്വന്തമായി ഒരു ദ്വീപ് തന്നെ സ്വന്തമാക്കാം. സ്‌കോട്ട്‌ലാൻഡിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ് ഒന്നരക്കോടിക്ക് വിൽകാൻ വെച്ചിരിക്കുന്നത്. സിഎൻഎൻ സംഭവം റിപ്പോർട്ട് ചെയ്തതോടെ ദ്വീപിന്റെ വില്പന ലോക മാധ്യമങ്ങളിൽ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലും ആയിരിക്കുകയാണ്. സിഎൻഎൻ റിപ്പോർട്ട് പറയുന്നതനുസരിച്ച് 25 ഏക്കർ വിസ്തൃതിയുള്ളതാണ് ദ്വീപ്. ശൈത്യകാലത്ത് കന്നുകാലികൾക്കും വന്യജീവികൾക്കും വെള്ളം കുടിക്കാൻ കുളമുണ്ട്.

ഗാൽബ്രെയ്ത്ത് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ഈ ദ്വീപിന്റെ വിൽപന നടത്തുന്നത്. ‘നിങ്ങളുടെ സ്വന്തം സ്കോട്ടിഷ് സ്വകാര്യ ദ്വീപ് സ്വന്തമാക്കുന്നതിൽ ഇപ്പോഴും വളരെ റൊമാന്റിക് വികാരമുണ്ട്, അവിടെ നിങ്ങൾക്ക് ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാനും ചുറ്റുമുള്ള ഏറ്റവും മനോഹരമായ പ്രകൃതിയിൽ കുറച്ച് സമാധാനവും ആസ്വദിക്കാനും കഴിയും’ ദ്വീപിന്റെ വിൽപ്പനയുടെ കാര്യം നോക്കുന്ന ആരോൺ എഡ്ഗർ പറഞ്ഞിരിക്കുന്നു. ദ്വീപ് വാങ്ങാൻ ആരെങ്കിലും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പ്രദേശിക അതോറിറ്റിയുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇനി ദ്വീപ് വാങ്ങിയാൽ എങ്ങനെ അവിടെ എത്തും എന്നതിനെക്കുറിച്ചോന്നും സംശയങ്ങൾ വേണ്ടത്രേ. കാൽനടയായോ ട്രാക്ടറിലോ ക്വാഡ്‌ബൈക്കിലോ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഇടം. ദ്വീപിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ആശ്ചര്യപ്പെടുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പറയുന്നത്. ദ്വീപിന്റെ ഉടമയ്ക്ക് ഒരു സ്വകാര്യ പെബിൾ ബീച്ചിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാനാകും. ഉടമയ്ക്ക് കടൽത്തീരത്ത് ഒരു ബോട്ട് നങ്കൂരമിടാൻ പോലും കഴിയും. ദ്വീപിന് ഏറ്റവും അടുത്തുള്ള പട്ടണം ഏകദേശം ആറ് മൈൽ അകലെയാണ് ഉള്ളത്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ ഡംഫ്രൈസിൽ എത്താൻ ഏകദേശം ഒരു മണിക്കൂർ എടുക്കും.

ലണ്ടൻ, എഡിൻബർഗ് തുടങ്ങിയ പ്രധാന നഗരങ്ങൾ 350, 100 മൈലുകൾ അകലെയാണ് ഉള്ളത്. അതേസമയം, കുളം ഒഴികെയുള്ള മറ്റ് പ്രകൃതിദത്ത ജലവിതരണങ്ങളൊന്നും ദ്വീപിലില്ല. അപൂർവയിനം സസ്യജന്തുജാലങ്ങളുടെ സാന്നിധ്യം കാരണം ഈ ദ്വീപ് പ്രത്യേക ശാസ്ത്ര താൽപ്പര്യമുള്ള സൈറ്റിന് കീഴിൽ ആണ് ഉള്ളത്. ‘സ്‌കോട്ട്‌ലൻഡിലെ നിരവധി ദ്വീപുകളുടെ വിൽപ്പന കൈകാര്യം ചെയ്ത മുഴുവൻ സ്വകാര്യ ദ്വീപുകൾക്കും ആഭ്യന്തര, അന്തർദേശീയ പാർട്ടികളിൽ നിന്ന് ശക്തമായ ഡിമാൻഡ് വരുന്നതായാണ് സ്വകാര്യ ദ്വീപുകളുടെ വിൽപനയെക്കുറിച്ച് എഡ്ഗർ പറയുന്നത്.