തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്നാണ് നിര്‍ദേശം. ബാലവേല നിരോധനവും നിയന്ത്രണവും സംബന്ധിച്ച നിയമം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് 2014ലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. ബാലവേല നിയമങ്ങളും തിരഞ്ഞെടുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാര്രാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

നിര്‍ദേശം സ്വീകരിക്കാത്ത പക്ഷം അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ അവരെ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല.