എന്റെ അച്ച പോയ ശേഷം ആ വീട് എനിക്ക് വിരസമായിരുന്നു. എത്ര പ്രിയപ്പെട്ടതായിരുന്നു അച്ഛ എന്നു ശൂന്യത കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.

ദിവസങ്ങളായിട്ടുള്ള അലച്ചിൽ ആയിരുന്നു.. വീട് കണ്ടുപിടിക്കലും വീട് ഷിഫ്റ്റ്‌ ചെയ്യുന്നതുമെല്ലാം. ഇന്നലെ എന്റെ ആ വീട്ടിലെ അവസാന ദിവസമായിരുന്നു..ഒരു പക്ഷെ ചേച്ചിയുടെ മരണ ശേഷം ഞങ്ങൾ താമസിച്ചതും അധികം സ്നേഹം പങ്കു വെക്കപ്പെട്ടതും അവിടെ ആയതു കൊണ്ടാകാം ആ വീടിനോട് ഒരു സ്നേഹകൂടുതലും.

ഇന്ന് രാവിലെ അവിടെ നിന്നും വിട പറഞ്ഞപ്പോൾ മനസ് നൊന്തതുമെല്ലാം… പ്രഭാതം മോഹിപ്പിക്കുന്നത് ആയിരുന്നു, നല്ല കുളിരും. ഇന്നത്തെ പ്രഭാതത്തിന് ഭ്രാന്തമായൊരു സൗന്ദര്യം ഉള്ളതുപോലെ.. എന്റെ അച്ച പോയ ശേഷം ആ വീട് എനിക്ക് വിരസമായിരുന്നു. എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്റെ അച്ച എന്നു അച്ഛയുടെ ശൂന്യത കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.

എനിക്ക് വല്ലാത്ത വേദന തോന്നി.. ഇന്നലെ വരെ അച്ഛയുടെ ഓർമ്മകളെ, നമ്മുടെ സന്തോഷത്തെയും ദുഖത്തെയും ചുമന്ന വീടാണ്. ഇനി അച്ഛയുടെയായി ഒരു അടയാളവും ഇവിടെ അവശേഷിപ്പിക്കുന്നില്ല എന്നത് എനിക്കൊരു നോവായി. പുതിയ വീട്ടിൽ എത്തിയിട്ടും ഞാൻ ഒരു തരം മരവിച്ച മൗനത്തിലായിരുന്നു.. എന്തോ ഒരു നഷ്ടബോധം എന്നെ കീഴ്പ്പെടുത്തി കളഞ്ഞെന്നു അമ്മ വിശ്വസിച്ചു…. ആ വീട് എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. എത്ര ഭംഗിയായാണ് ഞാനും അച്ഛയും അമ്മയും അവിടെ ജീവിച്ചു തീർത്തത്.. എന്നോർക്കുമ്പോൾ നെഞ്ചുരുകും..നെഞ്ച് പൊടിഞ്ഞാ അവിടുന്ന് ഇറങ്ങിയത്. ഇപ്പോളും അച്ച അവിടെ ജീവിച്ചിരിക്കുന്ന പോലെ.. ഓർമ്മകൾ കൊണ്ട് മാത്രമല്ല നഷ്ടങ്ങൾ കൊണ്ട്.. അവിടെ എനിക്ക് മറക്കാനാവില്ല..അവിടെ വച്ചല്ലേ ഞാൻ ഒരുപാടു അനുഭവിച്ചത്.

സന്ധ്യ പരന്നു തുടങ്ങി ഇവിടുത്തെ ആദ്യ സായന്തനം ജനലിൽ ചാരി പുറത്തേക്കു നോക്കിയിരുന്നു.. ഒറ്റയ്ക്ക് ഇരിക്കുമ്പോഴേല്ലാം അച്ച എന്നെ വിസ്മയിപ്പിക്കാറുണ്ട്, സ്നേഹം കൊണ്ട്.. തലോടൽ കൊണ്ട് വാക്കുകൾ കൊണ്ട്… എന്റെ ദേഹം തളരുന്നുണ്ടായിരുന്നു ഞാൻ കിടന്നു ഓർമ്മകളെ നെഞ്ചോടു ചേർത്ത്…