കിതപ്പും ശ്വാസം മുട്ടലും ഇപ്പോഴും എന്നെ അലട്ടുന്നു, കോവിഡിനെ നിസാരമായി കാണരുത്

ഇവ ശങ്കർ

പറയാതെ വയ്യ! ആംബുലൻസിന്റെ ശബ്ദം കേൾക്കുമ്പോഴല്ലാം എന്റെ നെഞ്ച് പിടയും. അച്ഛയെയും കൊണ്ട് ആംബുലൻസിൽ പോയതും ഹോസ്പിറ്റലുകൾ കയറിയിറങ്ങിയതെല്ലാം ഓർമ്മ വരും, അവസാന യാത്രയും ആംബുലൻസിൽ. കോവിഡ് മഹാമാരിയിൽ എന്റെ അച്ഛയുടെ ജീവൻ നഷ്ടമായിട്ട് മാസങ്ങൾ ആകുന്നു. കോവിഡ് രണ്ടാം തരംഗത്തിലെ ഇരയായിരുന്നു ഞാനും അച്ചയും. ഇപ്പോൾ കോവിഡിനെ എല്ലാവരും വളരെ ലാഘവത്തോടെയാണ് കാണുന്നത്, മരണത്തിന്റെ അങ്ങേ അറ്റം പോയി വന്നവർക്ക്, മരണ നിമിഷങ്ങൾ നോക്കി നിന്നവർക്കറിയാം അതിന്റെ ഭീകരതയും നൊമ്പരവും..

കോവിഡ് സമയത്തു അനുഭവിച്ചതിലേറെ പ്രയാസങ്ങൾ കോവിഡ് നെഗറ്റീവ് ആയതിനു ശേഷംഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കിതപ്പും ശ്വാസം മുട്ടലും ഇപ്പോഴും എന്നെ അലട്ടുന്നുണ്ട്. ഒന്ന് ചരിഞ്ഞു കിടക്കാൻ പോലും പറ്റാത്തത്ര ക്ഷീണം ആയിരുന്നു പോസിറ്റീവ് ആയപ്പോൾ അനുഭവപ്പെട്ടത്. ഉറക്കം ഇല്ലായ്മ, വിശപ്പില്ലായ്മ, കഠിനമായ തലവേദന, ഗന്ധം അറിയാനുള്ള ശേഷി.. ഇതൊക്കെ ഒന്ന് പഴയ അവസ്ഥയിൽ എത്താൻ ദിവസങ്ങൾ എടുത്തു. ഇപ്പോഴും എന്റെ ആരോഗ്യം ഞാനുൾപ്പടെ കോവിഡ് വന്ന പലരും വീണ്ടു എടുത്തിട്ടില്ല.ചിലപ്പോൾ മൂന്നാം തരംഗം ആദ്യത്തിനേക്കാളും രണ്ടാമത്തിനേക്കാളും വളരെ മാരകമായിരിക്കാം.. അതുകൊണ്ട് അതീവ ജാഗ്രതയോടെ ജീവിക്കുക.. മുൻകരുതലുകൾ എടുക്കുക..