നിപാ ബാധ സംബന്ധിച്ച വ്യാജ പ്രചരണങ്ങളില്‍ കേരളത്തിന് കോടികളുടെ വരുമാനനഷ്ടം.

കൊച്ചി : നിപാ വൈറസ് പകരുമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് കോഴി കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി മൂന്ന് ആഴ്ചക്കിടെ നഷ്ടമായത് 70 കോടി രൂപയോളം. വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കോഴിവില്‍പ്പനയില്‍ ആകെ 70 ലക്ഷം കിലോയുടെ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്.

പഴം-പച്ചക്കറി വ്യാപാരികള്‍ക്ക് നൂറുകോടിയിലേറെ നഷ്ടമായെന്നുമാണ് റിപ്പോര്‍ട്ട്. റംസാന്‍ കാലയളവില്‍ സാധാരണഗതിയില്‍ കോഴിയിറച്ചിക്കും പഴവര്‍ഗങ്ങള്‍ക്കും വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുന്നതാണ്. ഇത് മുന്‍കൂട്ടി കണ്ട് കര്‍ഷകരും വ്യാപാരികളും ഇവ സ്റ്റോക്ക് ചെയ്തതുമാണ്.

എന്നാല്‍ കോഴിയിലൂടെ നിപാ ബാധയുണ്ടാകുമെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് ആളുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലേക്കെത്താതായി. വവ്വാല്‍ കഴിച്ച പഴങ്ങളിലൂടെ വൈറസ് പകരുമെന്ന പ്രചരണമുണ്ടായതോടെ ആളുകള്‍ മുഴുവന്‍ പഴവര്‍ഗങ്ങളോടും അകലംപാലിക്കാനും തുടങ്ങി.

പഴവർഗങ്ങളുടെ വിൽപ്പനയിൽ 40% – 50% ഇടിവുണ്ടെന്ന് ഫ്രൂട്ട് മെർച്ചന്റ്സ് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ മൂവായിരത്തോളം പഴവർഗ മൊത്ത വ്യാപാരികളും അതിന്റെ പത്തിരട്ടി ചെറുകിട വ്യാപാരികളുമുണ്ട്. അവർക്കെല്ലാം വിൽപ്പനയിൽ ഇടിവും നഷ്ടവും നേരിട്ടു.

വൈറസ് കോഴിയിറച്ചിയിലൂടെ പകരുന്നെന്ന വ്യാജപ്രചാരണം മൂലം കോഴിയിറച്ചി വിൽപ്പനയിൽ 40% ഇടിവുണ്ടെന്ന് പോൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ ആഴ്ചയിൽ ഒരു കോടി കിലോ കോഴിയിറച്ചിയാണു വിൽപ്പന. ഫാമുകളിൽ നേരത്തേ കിലോ 100 രൂപ കിട്ടിയിരുന്നത് ഡിമാൻഡ് കുറഞ്ഞതോടെ വിലയിടിഞ്ഞ് കിലോ 80–82 രൂപയിലെത്തി. കോഴിക്കുഞ്ഞിന് 50 രൂപ വിലയുണ്ട്. തീറ്റയും മറ്റും ഉൾപ്പടെ ഒരു കോഴിയുടെ ഉത്പാദനച്ചെലവ് 80 രൂപയിലേറെയാണ്. ചുരുക്കത്തിൽ നഷ്ടത്തിൽ കോഴിയെ വിൽക്കേണ്ട സ്ഥിതിയാണു കർഷകന്.