കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ ; കരുവന്നൂര്‍ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. ബേങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍, ഭരണസമിതി അംഗളായിരുന്ന ടി എസ് ബൈജു, വി കെ ലളിതന്‍, ജോസ് ചക്രംപള്ളി തുടങ്ങിയവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീടുകളില്‍ എത്തിയാണ് നാല് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് ബേങ്ക് ഉദ്യോഗസ്ഥരടക്കം ഇപ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്ബതായി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും സി പി എം നിയന്ത്രണത്തിലുള്ള ബേങ്കിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരേ അന്വേഷണ സംഘം മുഖം തിരിക്കുന്നുവെന്ന വിമര്‍ശനമുണ്ടായിരുന്നു. സി പി എം ജില്ലാ നേതൃത്വവുമായി അടുപ്പമുണ്ടായിരുന്ന നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കമാണെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് നാല് പേര്‍ അറസ്റ്റിലായിരിക്കുന്നത്.

ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 100 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കേസ് സിബിഐയാണ് അന്വേഷിക്കേണ്ടതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.