പത്തനംതിട്ടയില്‍ തോമസ് ഐസക്കിന് പൂര്‍ണ പിന്തുണ, കൊല്ലത്ത് മുകേഷിനെ മത്സരിപ്പിക്കാന്‍ സിപിഎം

കൊല്ലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാർ‌ഥിയായി എം മുകേഷ് എംഎല്‍എയുടെ പേര് നിര്‍ദേശിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ കെഎന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റിയോഗം.

അതേസമയം പത്തനംതിട്ടയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ തോമസ് ഐസക്കിന് പൂര്‍ണ പിന്തുണ ലഭിച്ചു. ഐസക്കിന്റെ പേരുമാത്രമാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. ഞായറാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്ന് സിപിഎം പറയുന്നു. തുടര്‍ന്ന് നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക.

21നാണ് സിപിഎം സംസ്ഥാന കമ്മിറ്റി. തുടര്‍ന്ന് സിപിഎം പിബി കൂടെ അംഗീകരം നല്‍കുന്നതോടെ 27ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. ആലപ്പുഴയില്‍ എഎം ആരിഫ്, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, പാലക്കാട് എം സ്വരാജ്, കോഴിക്കോട് എളമരം കരീം, വടകര എ പ്രദീപ് കുമാര്‍, കണ്ണൂര്‍ കെകെ ശൈലജ എന്നിവര്‍ സീറ്റുറപ്പിച്ചതായിട്ടാണ് വിവരം.

അതേസമയം മന്ത്രി കെ രാധാകൃഷ്ണനെ ആലത്തൂരിലും മുന്‍ മന്ത്രി സി രവീന്ദ്രനെ ചാലക്കുടിയിലും പരിഗണിച്ചെങ്കിലും ഇരുവരും വിമുഖത അറിയിച്ചു. എന്നാല്‍ എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലും ഇനിയും വ്യക്തമായ ധാരണയില്ല.