പത്ത് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു, വ്യക്തി ജീവിതത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് ഗൗരി നന്ദ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി നന്ദ. സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം ആയെങ്കിലും അയ്യപ്പനും കോശിയിലെയും കഥാപാത്രമാണ് നടി ഏറെ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. ചിത്രത്തിലെ ട്രൈബല്‍ കഥാപാത്രമായ കണ്ണമ്മ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ തന്റെ ഭാവി സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗരി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ഗൗരി മനസ് തുറന്നത്.

‘കരിയറില്‍ വിജയം ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കുടുംബ ജീവിതത്തിലും വിജയിക്കാന്‍ കഴിയൂവെന്നാണ് കരുതുന്നത്. കരിയറില്‍ ഞാനിപ്പോഴാണ് സ്റ്റേബിളായത്. പക്ഷെ വിജയിക്കാന്‍ ഇനിയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോകാനുണ്ട്. അച്ഛന്‍ പ്രഭാകര പണിക്കര്‍, എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ മരിച്ചതാണ്. തൃപ്പുണിത്തുറയിലെ ഫ്‌ലാറ്റില്‍ ഞാനും അമ്മയുമാണ് താമസം. സഹോദരി വിവാഹമൊക്കെ കഴിച്ചു സെറ്റില്‍ഡാണ്. ഞാനൊരു പ്രണയ പരാജിതയോ പ്രണയിച്ചു കൊണ്ടിരിക്കുന്നവളോ അല്ല. തീര്‍ച്ചയായും ഒരുപാട് വൈകാതെ കൂട്ടിന് ഒരാളെ കണ്ടെത്തും’. ഗൗരി നന്ദ പറയുന്നു.

സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഗൗരി നന്ദ അയ്യപ്പനും കോശിയ്ക്കും മുന്‍പ് ഏഴോളം ചിത്രങ്ങളില്‍ വേഷമിട്ടു.

നേരത്തെ ലോക്ക് ഡൗണ്‍ സമയത്തെ കാര്യങ്ങള്‍ പങ്കുവെച്ച് ഒരു മാധ്യമത്തിന്റെ ഫേസ്ബുക്കില്‍ ലൈവ് എത്തിയിരുന്നു. വിശേഷങ്ങള്‍ പുങ്കു വയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒരു ചോദ്യവുമായി ആരാധകനെത്തി. ‘ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ ചോദ്യത്തിന് വളരെ രസകരമായ രീതിയില്‍ ആയിരുന്നു ഗൗരിയുടെ മറുപടി. ‘ഇല്ലല്ലോ, ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാന്‍ അവസരമുണ്ടാക്കിയിട്ടില്ല’ എന്നായിരുന്നു ചിരിച്ചു കൊണ്ട് താരം നല്‍കിയ മറുപടി.

അയ്യപ്പനും കോശിയുമിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ കുറിച്ച് താരം വാചാലയായി. ഇത്തരം കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യം എന്ന് ഗൗരി ലൈവില്‍ വ്യക്തമാക്കി. പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രത്തെ വിരട്ടുന്ന സീനിനെ കുറിച്ചും ബിജു മേനോനുമായുള്ള കോംബിനേഷനെ കുറിച്ചും ഗൗരി വാചാലയായി. മാത്രമല്ല തന്റെ സിനിമ കരിയറിനെ കുറിച്ചുള്ള പ്രതീക്ഷകളും നടി പങ്കുവെച്ചു.