ഷാരോൺ വധക്കേസ്, മുഖ്യപ്രതി ഗ്രീഷ്‌മ ജയിലിൽ നിന്ന് പുറത്തിറങ്ങി

പാറശാല ഷാരോൺ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ ജയിലിൽനിന്നിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ഗ്രീഷ്‌മ പുറത്തിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് പ്രതികരിച്ചു. ഷാരോൺ വധക്കേസിൽ ഉപാധികളോടെയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം ലഭിച്ച ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.