വാക്ക് പാലിച്ച് നരേന്ദ്രമോദി; ക്ഷേത്രത്തിലെ വികസനത്തെ കുറിച്ച് പഠിക്കാന്‍ മോദിയുടെ പ്രത്യേക ദൂതന്‍ കേരളത്തിലെത്തും

ഗുരുവായൂര്‍ ക്ഷേത്ര നഗരിയുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. എട്ടിന് നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം നിവേദനം നല്‍കിയ പദ്ധതികളെ പറ്റി പഠിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ അടുത്തയാഴ്ച ഗുരുവായൂരിലെത്തും.

450 കോടി രൂപയുടെ പദ്ധതികളാണ് ദേവസ്വം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥനെ നിയോഗിച്ചത്.

ബൃഹസ്പതിയും, വായുഭഗവാനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന കൂറ്റന്‍ ശില്‍പ്പത്തിന്റെ നിര്‍മാണം, നടവഴികളില്‍ കരിങ്കല്‍പാളികള്‍ പാകല്‍; തുടങ്ങി പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതിയും വികസ പരിപാടിയിലുണ്ട്.ഗോശാലയുടെ സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂര്‍ റെയില്‍വേ വികസനം, പാത വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്