മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷം മാത്രമെ ഇരുമുടി കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടികയറി ദര്‍ശനം നടത്താന്‍ അനുവദിക്കുകയുള്ളൂ. ഇന്ന്പൂജകള്‍ ഒന്നും ഉണ്ടാകില്ല. മിഥുനം ഒന്നായ നാളെ രാവിലെ നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും. 20 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വന്‍ അക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. യുവതികള്‍ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതും ഭക്തര്‍ തടഞ്ഞതും വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നിരവധി ഭക്തര്‍ക്കും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇതിനിടെ ബിന്ദു, കനകദുര്‍ഗ്ഗ എന്നിങ്ങനെ രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു. ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് വന്‍ വിവാദവുമുണ്ടായി.

കഴിഞ്ഞ ജനുവിര രണ്ടിന് രാവിലെ 4മണിയോട് കൂടിയാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് ഇവര്‍ എത്തിയെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് സുരക്ഷയോടെയാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. മഫ്ടിയിലാണ് പൊലീസ് സന്നിധാനത്തേക്ക് യുവതികളെ എത്തിച്ചത്. രാത്രി ഒരു മണിയോടെ പമ്പയില്‍ നിന്ന് മല കയറിയ ബിന്ദുവും കനകദുര്‍ഗയും മൂന്നരയോടെ സന്നിധാനത്ത് എത്തുകയും നാല് മണിയോടെ ദര്‍ശനം നടത്തി മടങ്ങുകയുമായിരുന്നു.

നേരത്തെ ഡിസബംര്‍ 24ന് ശബരിമലയില്‍ ദര്‍ശനത്തിന് യുവതികള്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും മടങ്ങേണ്ടി വന്നു. തങ്ങളെ പൊലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പുറകോട്ടില്ലെന്നും ബിന്ദുവും കനകദുര്‍ഗ്ഗയും മലയിറങ്ങിയ ശേഷവും വ്യക്തമാക്കിയിരുന്നു. തനിക്ക് ശാരീരികപ്രശ്‌നങ്ങളുണ്ട് എന്നത് പൊലീസിന്റെ ആരോപണമാണെന്നും ഗസ്റ്റ് റൂമിലേക്കെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ ബലമായി മല ഇറക്കിയതെന്നും ഇരുവരും പറഞ്ഞിരുന്നു.

തുടര്‍ന്ന് കനകദുര്‍ഗയും ബിന്ദുവും മെഡിക്കല്‍ കോളെജില്‍ നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ ശബരിമലയിലേക്ക് വീണ്ടും പോകാന്‍ സംരക്ഷണമൊരുക്കുമെന്ന് പൊലീസ് വീണ്ടും ഉറപ്പ് നല്‍കിയതായും ഇരുവരും മെഡിക്കല്‍ കോളേജില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതികള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയത്.