കേന്ദ്രസർക്കാരിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയത്, നന്ദി അറിയിച്ച് ആൻ ടെസ

കോട്ടയം: കേന്ദ്രസർക്കാരിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയത്. കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മോചിതയായ ആൻ ടെസ. കോട്ടയത്തെ വീട്ടിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവതി.

കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ആൻ ടെസ്സ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കൂടാതെ ഇന്ന് വരെ അറിയാത്ത കാണാത്ത നിരവധി പേരുടെ സഹായം ലഭിച്ചു. കപ്പലിൽ മാന്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും ജീവനക്കാരെ ഉപദ്രവിക്കുക എന്ന ലക്ഷ്യം കപ്പൽ പിടിച്ചെടുത്തവർക്ക് ഉണ്ടായിരുന്നില്ലെന്നും ആൻ ടെസ പറഞ്ഞു. ഭക്ഷണം പാകം ചെയ്ത് കാഴിക്കാനും സൗകര്യം നൽകിയിരുന്നു. കപ്പലിലുള്ള മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണ്. പെൺകുട്ടി എന്ന പരിഗണന കൊണ്ടാവാം ആദ്യം തന്നെ മോചിപ്പിച്ചതെന്നും ആൻ ടെസ്സ കൂട്ടിച്ചേർത്തു.

സമുദ്രാതിർത്തി ലംഘിച്ചു, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് തുടങ്ങി പല കാരണങ്ങളാണ് ഇറാൻ പറയുന്നതെന്ന് യുവതി പറഞ്ഞു. മൂന്ന് മലയാളികൾ ഉൾപ്പടെ 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. വൈകാതെ തന്നെ അവരെ വിട്ടയ്‌ക്കുമെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരമെന്നും ആൻ ടെസ പറഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന 25 പേരിൽ വിട്ടയച്ച ഏക വ്യക്തിയാണ് ആൻ ടെസ.

ജോലി ലഭിച്ച ആദ്യത്തെ കപ്പലിലാണ് ആൻ ടെസയ്‌ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്. എന്നിരുന്നാലും പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കി. മൂന്ന് വർഷത്തെ പഠനത്തിനൊടുവിൽ ഒൻപത് മാസങ്ങൾക്ക് മുൻപാണ് ആൻ ടെസ കപ്പലിൽ ജോലിയിൽ പ്രവേശിക്കുന്നത്.