കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. അതേസമയം സ്വരാജ് നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് കെ ബാബു കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഹര്‍ജയില്‍ എം സ്വരാജ് ഉന്നയിക്കുന്ന ചിലവാദങ്ങള്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ച തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായ എം സ്വരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചുവെന്നാണ് എം സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

വോട്ട നേടാന്‍ കെ ബാബു അയ്യപ്പനെ പ്രചാരണായുധമാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്ന് വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചുള്ള സ്ലിപ്പില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചുവെന്ന് എം സ്വരാജ് പറയുന്നു.