‘നിന്നെ ഇപ്പോള്‍ കാണണം, ഇല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും’; സച്ചിയെ വിളിച്ചു വരുത്താൻ ഒരു സര്‍പ്രൈസ്

സംവിധായകന്‍ സച്ചിയുടെ വിയോഗം സിനിമാലോകവും പ്രേക്ഷകരും ഇന്നും വേദനയോടെ ഓര്‍ക്കുന്ന സത്യമാണ്. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍. സിനിമാലോകത്തെ തന്നെ ഞെട്ടിക്കുന്നതാ യിരുന്നു സച്ചിയുടെ മരണം. അദ്ദേഹം ബാക്കിവെച്ചു പോയ കഥകളെയും സിനിമകളെയും കുറിച്ച് ഇന്നും സച്ചിയുടെ പ്രിയ സുഹൃത്തുക്കള്‍ പറയും. കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു സച്ചിയുടെ രണ്ടാം ചരമ വാർഷികം.

സച്ചിയുടെ വിയോഗം സുഹൃത്തുക്കള്‍ക്കെന്നപോലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇന്നും ഒരു തീരാ വേദനയാണ്. വൈകിയാണ് വിവാഹം കഴിച്ചതെങ്കിലും ഇരുവരുമൊന്നിച്ചുള്ള ജീവിതം വളരെ ധാന്യവും സുന്ദരവുമായിരുന്നു. മരണം വരെ സച്ചിയുമായുണ്ടായിരുന്ന അഗാധ പ്രണയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ഒരു ഓൺലൈൻ മാധ്യമത്തോട് തുറന്നു സംസാരിച്ചിരിക്കുക യാണ് ഇപ്പോള്‍ സിജി സച്ചി.

ഞങ്ങള്‍ വളരെ നന്നായി പ്രണയിച്ചിരുന്നു. മരണം വരെ ഞങ്ങള്‍ക്കിടയിലെ പ്രണയ ത്തിന്റെ തീവ്രത കുറഞ്ഞിട്ടേയില്ല. എത്ര തിരക്കുണ്ടെങ്കിലും ഞാന്‍ വിളിച്ചാല്‍ അദ്ദേഹം ഫോണെടുത്ത് സംസാരിക്കുമായിരുന്നു. അങ്ങനെ തന്നെയായിരുന്നു ഞാനും. എനിക്ക് സച്ചിയും സച്ചിക്ക് ഞാനും പരസ്പരം കൊടുത്ത പ്രാധാന്യം വിലമതിക്കാനാവാത്തതായിരുന്നു.

മിക്കപ്പോഴും പ്രണയങ്ങള്‍ പരാജയപ്പെടാനുള്ള കാരണം ഈ പരസ്പര പ്രാധാന്യം കാണാത്തത് കൊണ്ടാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരാളിലെ പ്രണയം കുറഞ്ഞുതുടങ്ങും. പ്രണയത്തിലെ തീവ്രത നിലനിര്‍ത്തുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. ഞങ്ങള്‍ക്കിടയില്‍ എന്നും പ്രണയമായിരുന്നു. അവസാനകാലം ആയപ്പോഴേയ്ക്കും പ്രണയത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലായിരുന്നു.

ഒരു ബന്ധം ശക്തമാകാന്‍ പലപ്പോഴും എക്‌സൈറ്റ്‌മെന്റുകള്‍ ആവശ്യമാണ്. ഒരു സുഹൃത് ബന്ധമാണെങ്കില്‍ പോലും അത് ആവശ്യമാണ്. ഞങ്ങള്‍ക്കിടയില്‍ അതുണ്ടായിരുന്നു. എക്‌സൈറ്റ്‌മെന്റുകള്‍ ഓരോ നിമിഷവും കൂടിയിട്ടേ ഉള്ളൂ. ‘നിന്നെ ഇപ്പോള്‍ കാണണം, ഇല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും’ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല ഈ പ്രണയം എന്നൊക്കെ ഇടയ്ക്ക് സച്ചിയും പറയുമായിരുന്നു. പ്രണയം എന്നത് വ്യക്തികളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നാണ് എനിക്ക് പറയാനുള്ളത്.