ഐ.സി.യു. പീഡനക്കേസ്, അതിജീവിതയ്‌ക്കൊപ്പംനിന്ന അനിത ജോലിക്ക് പുറത്ത്, കണ്ണടച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയ്ക്ക് ചൊവ്വാഴ്ചയും ജോലിയിൽ പ്രവേശിക്കാനായില്ല. ഇതോടെ പ്രിന്‍സിപ്പല്‍ ഓഫീസ് കെട്ടിടത്തിനു മുന്നില്‍ അനിതയും കേരള ഗവ. നഴ്സസ് യൂണിയന്‍ പ്രവര്‍ത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതിജീവിതയ്‌ക്കൊപ്പംനിന്ന അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരേ അവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വരുന്ന ഒഴിവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് ലഭിച്ചു. ഇത് പ്രകാരമുള്ള ഉത്തരവുമായി രണ്ടുദിവസമായി മെഡിക്കല്‍ കോളേജ് ഓഫീസുകളില്‍ അനിത കയറിയിറങ്ങിയിട്ടും ഡി.എം.ഇ. ഓഫീസില്‍നിന്ന് അറിയിപ്പുവരാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ മറുപടി.

വിഷയത്തിൽ. കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും ഉത്തരവിന്റെ കോപ്പി എന്റെ വക്കീലുതന്നെ എല്ലാവര്‍ക്കും അയച്ചുകൊടുത്തതാണ്. ആരെങ്കിലും മനഃപൂര്‍വം മുക്കിയതാണോയെന്ന് സംശയമുണ്ട്. ജോയിന്‍ ചെയ്യാന്‍ സമ്മതിക്കുംവരെ എല്ലാദിവസവും വന്ന് ഇവിടെയിരിക്കുമെന്നും അനിത പ്രതികരിച്ചു. ഇത്രയേറെ പ്രേഷങ്ങൾ ഉണ്ടാകുകയും മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടും ആരോഗ്യ മന്ത്രി വിഷയത്തിൽ കണ്ണടയ്ക്കുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.