അനധികൃത മദ്യക്കച്ചവടം, സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യംവിറ്റ യുവാവ് പിടിയിൽ

ആലപ്പുഴ : സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യംവിറ്റ യുവാവ് പിടിയിൽ. വള്ളികുന്നം സ്വദേശി ഷജീറാണ് 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. ‘ജവാൻ’ ഷജീർ എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്ന വ്യക്തയാണ്.

മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഇയാളെ എക്‌സൈസ് പിടികൂടിയിട്ടുണ്ടായിരുന്നു. പ്രതി മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചു. എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷജീറിനെ അറസ്റ്റ് ചെയ്തത്.

ഉടുമ്പന്‍ ചോലയില്‍ 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പ്പനയ്ക്കായി കാറില്‍ കടത്തി കൊണ്ട് വന്ന കുറ്റത്തിന് ഉടുമ്പന്‍ചോല വണ്ടന്‍മേട് സ്വദേശി രമേഷ് ചന്ദ്രനെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അറിയിച്ചു. ഉടുമ്പന്‍ ചോല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ജി രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ശശീന്ദ്രന്‍ എന്‍.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഷാദ് .എം, റോണി ആന്റണി, ഡ്രൈവര്‍ ബിലേഷ് എന്നിവരും ഉണ്ടായിരുന്നു.