24 മണിക്കൂറിനിടെ ഇന്ത്യയില്‍ 25,000ത്തിനടുത്ത് കോവിഡ് രോഗികള്‍; മരണം 19,268 ആയി ഉയര്‍ന്നു

രാജ്യത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് ദിനംപ്രതി കോവിഡ് രോഗബാധ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും രോഗവ്യാപനം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 6,73,165 ആയി

24 മണിക്കൂറിനിടെ 613 പേര്‍ രോഗബാധ മൂലം മരണപ്പെട്ടു. നിലവില്‍ 19,268 പേര്‍ കോവിഡ് മൂലം ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങി.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ വീണ്ടും രോഗവ്യാപനം ഉയരുകയാണ്. ഇന്നലെ മാത്രം 7,074 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങിലും കോവിഡ് രോഗബാധ ഉയരുകയാണ്. ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 97,000 ആയി. 3004 പേര്‍ മരണപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.