24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് വീണ്ടും കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 30,000 ലധികം കേസുകള്‍ കേരളത്തില്‍ നിന്നുള്ളതാണ്. ഇതുവരെ രാജ്യത്ത് 3,26,03,188 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,18,21,428 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേര്‍ കൂടി രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,44,899 ആയി.

കഴിഞ്ഞ ദിവസമുണ്ടായ 496 മരണങ്ങളാണ് കൊറോണയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 4,36,861, പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ആകെ രോഗികളുടെ 1.03 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.63 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിവാര ടിപിആര്‍ നിരക്ക് 2.10 ശതമാനമാണ്. 2.45 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമായി ഇതുവരെ 61.22 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,48,439 പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കി. കൊറോണ വ്യാപനം ആരംഭിച്ചതിന് പിന്നാലെ 51.49 കോടി സാമ്പിളുകള്‍ പരിശോധിച്ചു.