മോദിയാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവെന്ന് ഇന്ത്യടുഡേ.

ന്യൂഡൽഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് എതിരാളികളിയില്ല. ഇന്ത്യ ടുഡേ പറയുന്നു. രാജ്യത്ത് ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിയും നരേന്ദ്ര മോദിയും വീണ്ടും വിജയം കൊയ്യുമെന്ന് ഇന്ത്യാ ടുഡെയുടെ മൂഡ് ഓഫ് ദ നേഷന്‍ സർവേ ഫലം.

കർഷക പ്രക്ഷോഭം, പണപ്പെരുപ്പം, കൊവിഡ്-19 പാൻഡെമിക്, കുതിച്ചുയരുന്ന എണ്ണവില തുടങ്ങിയ നിരവധി വെല്ലുവിളികള്‍ക്കിടയിലൂടെ രണ്ടാം നരേന്ദ്ര മോദി സർക്കാർ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ജെ ഡി യു, ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ ഇതിനിടയില്‍ മുന്നണിയില്‍ നിന്ന് വിട്ടുപോവുകയും ഉണ്ടായി. എന്നാല്‍ ഇത്തരം പ്രശ്നങ്ങൾ ഒന്നും ബിജെപിയെയും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണിയെയും ബാധിക്കില്ലെന്നാണ് ഇന്ത്യാ ടുഡെയുടെയുടെ സർവേ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിയും നരേന്ദ്ര മോദിയും വീണ്ടും വിജയം നേടും – ഇന്ത്യാ ടുഡെ പറയുന്നു.

എട്ട് വർഷത്തിലേറെയായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളേക്കാൾ വളരേയേറെ മുന്നിലാണെന്ന് മാത്രമല്ല, പ്രതിപക്ഷ നിരയില്‍ നിന്നും ആരും തന്നെ അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താനില്ലെന്നും സർവേയിൽ പറഞ്ഞിരിക്കുന്നു. മൂഡ് ഓഫ് ദി നേഷൻ സർവേയിൽ പങ്കെടുത്തവരിൽ 53 ശതമാനത്തോളം പേരും അടുത്ത പ്രധാനമന്ത്രിയായും നരേന്ദ്ര മോദിയെയാണ് കാണുന്നത് എന്നതും ശ്രദ്ധേയം.

പ്രതിപക്ഷ നിരയില്‍ മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 9 ശതമാനം പേർ പിന്തുണച്ചപ്പോൾ, 7 ശതമാനം പേർ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനാണ് അഭിപ്രായ വോട്ട് രേഖപ്പെടുത്തിയത്. സർവ്വേയില്‍ പങ്കെടുത്ത 40 ശതമാനം പേർ കോൺഗ്രസിന്റെ പ്രതിപക്ഷ റോളിനെ ‘നല്ലത്’ എന്ന് വിലയിരുത്തിയപ്പോൾ 34 ശതമാനം പേർ ‘മോശം’ എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 23 ശതമാനം പേർ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് വിശ്വസിക്കുന്നു. പക്ഷെ 16 ശതമാനം പേർ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയാണ് ഇക്കാര്യത്തിൽ പിന്തുണക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 14 ശതമാനം പേർ സച്ചിൻ പൈലറ്റിനാണ് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുകയെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 9 ശതമാനം പേർ മാത്രമാണ് പ്രിയങ്ക ഗാന്ധിയെ ഈ സ്ഥാനത്തേക്ക് അനുകൂലിച്ചിട്ടുള്ളത്.

അതേസമയം ഇപ്പോള്‍ തിരഞ്ഞടുപ്പ് നടന്നാല്‍ കേന്ദ്രത്തില്‍ ബി ജെ പിക്ക് സീറ്റുകള്‍ കുറയുമെന്നാണ് സർവ്വേയില്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ അധികാരം നഷ്ടമാവുന്ന നിലയിലേക്ക് അത് ഒരിക്കലും എത്തില്ല. 286 സീറ്റുകളാണ് ബി ജെ പി നയിക്കുന്ന എന്‍ഡിഎയ്ക്ക് സർവേയിൽ പ്രവചിക്കപ്പെടുന്നത്. യു പി എ വലിയ മുന്നേറ്റം നടത്തുമെങ്കിലും അത് 146 ല്‍ ഒതുങ്ങും. അതേസമയം മറ്റുള്ളവർ 111 സീറ്റുകളുമായി കരുത്ത് കാട്ടുമെന്നും സർവ്വേയില്‍ പറഞ്ഞിട്ടുണ്ട്. ബിഹാറില്‍ രാഷ്ട്രീയ സാഹചര്യം മാറിയെന്നും മൂഡ് ഓഫ് ദി നേഷന്‍ സർവ്വേ അഭിപ്രായപ്പെടുന്നു.