കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പരാതിക്ക് പിന്നില്‍ അച്ഛനെ സംശയിച്ച് കൂടേയെന്ന് സുപ്രികോടതി

ന്യൂഡല്‍ഹി. കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനെ സംശയിച്ചു കൂടേയെന്ന് സുപ്രിംകോടതി. എന്നാല്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞപ്പോഴാണ് പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

അമ്മയും മാനസ്സിക പീഡനം അനുഭവിച്ചില്ലേയെന്നും അവരും ഇരയായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. അമ്മയെ കുറ്റവിമുക്തയാക്കിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവച്ചതിനെതിരെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

മകന്‍ നല്‍കിയ മൊഴി അച്ഛന്റെ സമ്മര്‍ദ്ദത്തോടെയാണെന്ന് സംശയിക്കാനുള്ള സാഹചര്യമുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളില്‍ അമ്മയ്‌ക്കെതിരെ മകനെ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

അതേസമയം കോടതിയുടെ കോടതിയുടെ പരാമര്‍ശത്തെ കുട്ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. മകന്റെ പരാതി തെറ്റാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ മകന്‍ കള്ളനാണെന്ന് സമൂഹത്തില്‍ ചിത്രീകരിക്കുന്നു. ഇതിലൂടെ മകന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം മാനസിക സമ്മര്‍ദ്ദം മകന് മാത്രമല്ല അമ്മയും അനുഭവിക്കുന്നുണ്ടെന്നും. കേസില്‍ അമ്മയേയും ഒരു ഇരയായി കാണാമെന്നും കോടതി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് തെറ്റാണ് എന്ന് പറയാനുള്ള കാരണങ്ങള്‍ എന്താണെന്ന് അറിയിക്കാനും കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.