അപകടത്തിന് ശേഷം ജഗതി രസങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്ക്; തീമഴ തേന്‍മഴ ഉടന്‍

മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അപകടത്തിന് ശേഷം ആദ്യമായി ക്യാമറായ്ക്ക് മുമ്പില്‍ വന്ന ‘തീമഴ തേന്‍ മഴ’ എന്ന ചിത്രം പൂര്‍ത്തിയായി.പ്രശസ്ത സംവിധായകന്‍ കുഞ്ഞുമോന്‍ താഹ, സെവന്‍ ബേഡ്സിന്‍്റെ ബാനറില്‍ കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിശ്രീകമാര്‍ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്.ചിത്രം ഉടന്‍ തീയേറ്ററിലെത്തും. മമ്മൂട്ടി നായകനാകുന്ന സിബി ഐ സിരീസ് സിബി ഐ അഞ്ചാണ് ജഗതിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം

 ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്‍. തന്‍്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്‍്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്‍, അതിനെതിരെ പ്രതികരിക്കാന്‍ ശ്രമിക്കുന്നു. ജഗതി ഉള്‍പ്പെടുന്ന രംഗങ്ങള്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ വെച്ചാണ്, സംവിധായകന്‍ ചിത്രീകരിച്ചത്. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്‍്റെ പിതാവാണ്, ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കറിയാച്ചന്‍.

ജഗതി ശ്രീകുമാര്‍, കോബ്രാ രാജേഷ്, മാള ബാലകൃഷ്ണന്‍, പി.ജെ.ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മി പ്രിയ, സ്നേഹ അനില്‍, ലക്ഷ്മി അശോകന്‍, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ് ,ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര, കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാര്‍വ്വതി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.