ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വർഷം, പഴയ ചിത്രം പങ്കിട്ട് ജഗതി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ തിരികെ എത്തി സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ജഗതി. നിലവിലെ അവസ്ഥയ്ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്.

വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ജഗതി ശ്രീകുമാർ. ഭാര്യ ശോഭയ്‌ക്കൊപ്പം നടന്നുവരുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.

2012ൽ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. ഈ വർഷം സിനിമ ലോകത്തേക്ക് ജഗതി മടങ്ങി എത്തുമെന്ന വാർത്ത അദ്ദേഹത്തിന്റെ മകൻ അറിയിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലായിരുന്നു സിനിമാപ്രേമികൾ. ആ കാത്തിരിപ്പ് അവസാനിച്ചത് കെ മധു സംവിധാനം ചെയ്ത സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ്.