ആ യുവതാരം എനിക്ക് കാളിദാസിനെ പോലെ, ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളസിനിമയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയ നടനാണ് അദ്ദേഹം. താരത്തിന്റെ പുതിയ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരുന്നു. തല മുണ്ടനം ചെയ്ത നിലയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം. ഇപ്പോള്‍ താരപുത്രന്മാരില്‍ തനിക്ക് ഏറ്റവും പ്രിയങ്കരന്‍ ആരാണെന്ന് പറയുകയാണ് ജയറാം.

കാളിദാസ്, പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരുടെ ലിസ്റ്റില്‍ നിന്നുമാണ് ജയറാം തനിക്ക് ഏറ്റവും അടുപ്പമുള്ള യുവ താരത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പ്രണവ് മോഹന്‍ലാലുമായി തനിക്ക് അത്ര അടുപ്പമില്ലെന്നും എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ താന്‍ തോളിലിട്ട് നടന്നിട്ടുണ്ടെന്നും ജയറാം പറയുന്നു.- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജയറാമിന്റെ വെളിപ്പെടുത്തല്‍.

‘കാളിദാസ് എന്റെ മകനായത് കൊണ്ട് ഞാന്‍ ഒഴിവാക്കുന്നു, പിന്നെ പ്രണവ് മോഹന്‍ലാലുമായി എനിക്ക് അത്ര അടുപ്പമില്ല. ഞാന്‍ കുട്ടിക്കാലത്ത് പ്രണവിനെ അങ്ങനെ കണ്ടിട്ടില്ല. ദുല്‍ഖറിനെ അവന്റെ കുഞ്ഞുനാള് തൊട്ടേ എനിക്ക് അറിയാം. ഞാന്‍ ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട്. പക്ഷെ ഇതിലൊക്കെ ഉപരി എന്റെ വീട്ടിലെ ഒരാളെ പോലെ മകന്‍ കാളിദാസിനെ പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഗോകുല്‍ സുരേഷാണ്. സുരേഷ് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. പാര്‍വതിക്കും സുരേഷ് ഒരു ജ്യേഷ്ഠ സഹോദരനാണ്. അത് കൊണ്ട് തന്നെ യുവതാരങ്ങളില്‍ അല്ലെങ്കില്‍ താരപുത്രന്മാരില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ഗോകുല്‍ സുരേഷിന്റെ പേര് പറയും’.- ജയറാം പറയുന്നു.