മാധവിക്കുട്ടിയുടെ വരികള്‍ മാറ്റിയെഴുതി, അബദ്ധം പറ്റിയിട്ടും വീണിടത്തു കിടന്ന് ഉരുളുന്നു, ജുവലിന് വന്‍ വിമര്‍ശനം

തന്റെ ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയ വാചകത്തെ തുടര്‍ന്ന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ജുവല്‍ മേരി. ക്യാപ്ഷനില്‍ നല്‍കിയിരുന്ന പൂവിന്റെ പേര് തെറ്റി പോയതോടെയാണ് കമന്റ് സെക്ഷനില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസമാണ് ജുവല്‍ മേരി ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത്, ഒപ്പം നല്‍കിയ ക്യാപ്ഷനില്‍ ‘നമ്പ്യാര്‍വട്ടപൂവ്’ എന്ന് പറഞ്ഞിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. ‘നമ്പ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപ്പെടുന്ന സ്ത്രീ, അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും’ എന്നായിരുന്നു ക്യാപ്ഷന്‍. മാധവിക്കുട്ടിയുടെ വരികള്‍ കടമെടുക്കുകയായിരുന്നുവെങ്കിലും പൂവിന്റെ പേര് തെറ്റിപ്പോവുകയായിരുന്നു.

ഇതോടെ കമന്റ് ബോക്‌സില്‍ പൂവിന്റെ പേരില്‍ നമ്പ്യാര്‍വട്ടമല്ല, നന്ത്യാര്‍വട്ടമാണെന്ന് പറഞ്ഞ് നിരവധി പേര്‍ എത്തി. പൂവിന്റെ പേര് ശരിയായി ഉപയോഗിക്കണമെന്നും മാധവിക്കുട്ടിയുടെ വരികള്‍ പറയുമ്പോള്‍ അവര്‍ എഴുതിയത് തന്നെ കുറിക്കണമെന്നും പലരും പറഞ്ഞു. നമ്പ്യാരും നന്ത്യാരുമല്ല, ഇത് നായര്‍വട്ടമാണെന്നായിരുന്നു ഒരു കമന്റ്. ക്രിസ്ത്യന്‍വട്ടം, മുസ്ലീംവട്ടം, ചാക്യാര്‍വട്ടം, മാപ്പിളവട്ടം എന്നിങ്ങനെ പല വട്ടങ്ങളുണ്ടെന്നും കമന്റ് എത്തി.

എന്നാല്‍, മാധവിക്കുട്ടിയുടെ വരികളെ തോന്നുന്ന രീതിയില്‍ മാറ്റിയെഴുതുന്നത് ശരിയായ രീതിയല്ല എന്നാണ് വിമര്‍ശനം. അബദ്ധം പറ്റിയിട്ടും വീണിടത്ത്കിടന്നു ഉരുളുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതോടെ ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല എന്ന് പറഞ്ഞ് ജുവല്‍ രംഗത്തെത്തി.

എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നിങ്ങളുടെ കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി ആ പൂവിനെ പല നാട്ടില്‍ പല പേരാണ് ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട് ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല! എല്ലാവര്‍ക്കും ശുഭദിനം നേരുന്നു’ എന്നാണ് നടി കുറിച്ചത്.