ഉപേക്ഷിച്ച പങ്കാളിയോടുള്ള വൈരാഗ്യ ബുദ്ധി തന്നെയാണ് ഇവിടെ നിയമം ദുരുപയോഗം ചെയ്യാനായി കാരണം, ജോമോള്‍ ജോസഫ് പറയുന്നു

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പീഡന പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. നടിയുെട പേര് വെളിപ്പെടുത്തിയതിന് വേറെയും കേസ് നടനെതിരെയുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇപ്പോള്‍ സംഭവത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്.

നിയമ ദുരുപയോഗങ്ങള്‍ക്ക് പോലീസ് കൂട്ട് നില്‍ക്കുന്നു എന്നത് അതിലേറെ അപലപനീയമാണ്. തങ്ങളുടെ മുന്നില്‍ എത്തുന്ന പരാതികള്‍ നിഷ്പക്ഷമായി അന്വേഷിച്ച് രാജ്യത്തെ നിയമങ്ങള്‍ ഒരു വ്യക്തിക്ക് അനുവദിച്ചു നല്‍കുന്ന അവകാശങ്ങളുടെ ലംഘനം നടന്നിട്ടുണ്ട് എങ്കില്‍ മാത്രമേ പോലീസ് ഇത്തരം പരാതികളില്‍ കേസുകളെടുക്കാന്‍ പാടുള്ളൂ. നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി എടുക്കുന്ന ഇത്തരം കേസുകള്‍ വേട്ടയാടലുകള്‍ക്ക് കുടപിടിക്കല്‍ തന്നെയാണ്. നിയമം ആര്‍ക്കും ആരെയും വേട്ടയാടാനുള്ളതല്ല, മറിച്ച് സംരക്ഷണം നല്‍കാനുള്ളതാണ്.- ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, ചില നിയമങ്ങള്‍ കോമഡിയാണ്.. 1. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് (ലൈംഗീക പങ്കാളി ഉണ്ട് എങ്കില്‍ പോലും മറ്റ് ആളുകളുമായി പോലും) പരസ്പര സമ്മത പ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഈ രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും നിയമപരമായ അനുമതിയുണ്ട്. ഈ നിയമം പരമാവധി ഉപയോഗപ്പെടുത്തുകയും, പന്നീട് ഒരു കാലത്ത് പരസ്പര താല്പര്യം എന്നതിലെ തന്റെ ഭാഗത്തുനിന്നുള്ള താല്പര്യം പിന്‍വലിക്കുകയും, ഈ പിന്‍വലിക്കലിന് മുന്‍കാല പ്രാബല്യം സ്വയം പ്രഖ്യാപിക്കുകയും, അങ്ങനെ മുന്‍കാലങ്ങളില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത് തന്റെ താല്‍പര്യപ്രകാരമല്ല എന്ന നിലപാടില്‍ ഒരുകാലത്ത് തന്റെ ലൈംഗീക പങ്കാളി ആയിരുന്ന ആളെ പെടുത്താനായി ബലാത്സംഗ ആരോപണവുമായി മുന്നോട്ട് വരികയും ചെയ്യുന്നു ചില മനുഷ്യര്‍. (ഒരു വ്യക്തിയുടെ സമ്മതം കൂടാതെ ആ വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാല്‍സംഗമായാണ് പരിഗണിക്കുക) ഇത് തെറ്റാണ്, തെറ്റാണ് എന്ന് മാത്രമല്ല, സ്ത്രീസംരക്ഷണത്തിനായുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു ഇത്തരം ആളുകള്‍..

2. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിവാഹം കഴിക്കാതെ തന്നെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സകല അവകാശവും ഈ രാജ്യത്തു ജീവിക്കുന്ന മനുഷ്യര്‍ക്കുണ്ട്. അതില്‍ വിവാഹം കഴിച്ച ആളുകള്‍ക്കും തങ്ങളുടെ പങ്കാളികള്‍ അല്ലാത്ത മനുഷ്യരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശം ഉണ്ട്. ഒരു വ്യക്തിക്ക് നിയമപരമായി ഭാര്യയോ ഭര്‍ത്താവോ ഉണ്ട് എന്നത് അറിഞ്ഞുകൊണ്ട് തന്നെ അയാളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും, അയാളുമായി ചേര്‍ന്ന് പോകാന്‍ കഴിയാതെ വരുന്ന സമയത്ത് അയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ ലൈംഗീകമായി ഉപയോഗിച്ചത് എന്ന ആരോപണവുമായി ചില ആളുകള്‍ രംഗത് വരാറുണ്ട്. നിലവില്‍ ഒരു ഭാര്യയോ ഭര്‍ത്താവോ ഉള്ള വ്യക്തി മറ്റൊരാള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി, ആ വാഗ്ദാനം വിശ്വസിച്ചാണ് ലൈംഗീക ബന്ധത്തിന് താന്‍ തയ്യാറായത് എന്ന വാദം വെറും ബാലിശം മാത്രമാണ്. ഇത്തരം പല ആരോപണങ്ങളും കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗം തന്നെയാണ്.

3. ഭര്‍ത്താവും മക്കളും ഉള്ള സ്ത്രീകള്‍ മറ്റൊരു വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അവര്‍ക്ക് നിയമപരമായി അവകാശമുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സ്ത്രീ അവരുടെ അവകാശം ഉപയോഗിച്ചാല്‍, അവര്‍ മക്കളെ ഉപേക്ഷിച്ചു പോയി എന്ന കാരണം ദുരുപയോഗപ്പെടുത്തി ആ സ്ത്രീയെ അല്ലെങ്കില്‍ ആ സ്ത്രീകളെ കേസില്‍ പെടുത്തി റിമാന്‍ഡ് ചെയ്യിക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. മക്കളുടെ കാര്യത്തില്‍ മുന്‍ പങ്കാളി കോടതിക്ക് പുറത്തു വെച്ചോ, സിവില്‍ കോടതിയില്‍ വെച്ചോ തീരുമാനം ഉണ്ടാക്കുക എന്നതാണ് മാനവികമായ നിലപാട്. അതിനു പകരം തന്നെ ഉപേക്ഷിച്ച പങ്കാളിയോടുള്ള വൈരാഗ്യ ബുദ്ധി തന്നെയാണ് ഇവിടെ നിയമം ദുരുപയോഗം ചെയ്യാനായി കാരണം.

4. ഇത്തരം നിയമ ദുരുപയോഗങ്ങള്‍ക്ക് പോലീസ് കൂട്ട് നില്‍ക്കുന്നു എന്നത് അതിലേറെ അപലപനീയമാണ്. തങ്ങളുടെ മുന്നില്‍ എത്തുന്ന പരാതികള്‍ നിഷ്പക്ഷമായി അന്വേഷിച്ച് രാജ്യത്തെ നിയമങ്ങള്‍ ഒരു വ്യക്തിക്ക് അനുവദിച്ചു നല്‍കുന്ന അവകാശങ്ങളുടെ ലംഘനം നടന്നിട്ടുണ്ട് എങ്കില്‍ മാത്രമേ പോലീസ് ഇത്തരം പരാതികളില്‍ കേസുകളെടുക്കാന്‍ പാടുള്ളൂ. നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി എടുക്കുന്ന ഇത്തരം കേസുകള്‍ വേട്ടയാടലുകള്‍ക്ക് കുടപിടിക്കല്‍ തന്നെയാണ്. നിയമം ആര്‍ക്കും ആരെയും വേട്ടയാടാനുള്ളതല്ല, മറിച്ച് സംരക്ഷണം നല്‍കാനുള്ളതാണ്.