ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗം എന്ന് ജോസ് കെ മാണി, മുന്നണിയിലേക്ക് ആരെയും എടുക്കാന്‍ ഉദ്ദേശമില്ലെന്ന് കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടത് പക്ഷത്തേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ കുറച്ച് നാളുകളായി പുറത്തെത്തുന്നുണ്ട്. ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം ജോസ് കെ മാണി തള്ളി മാത്രമല്ല ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗം ആണെന്നും ജോസ് കെ മാണി പറഞ്ഞു. അവര്‍ മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോട് ആണ് ചോദിക്കേണ്ടത് എന്നും ജോസ് കെ മാണി പറഞ്ഞു.

പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്റെ ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി ആരോപിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.

അതേസമയം എല്‍ഡിഎഫ് മുന്നണിയിലേക്ക് ആരെയും എടുക്കാന്‍ ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വില പേശേണ്ട സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും കാനം പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയി. സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും.

യുഡിഎഫ് ദുര്‍ബലമാകുകയാണ്. അതേസമയം, എല്‍ഡിഎഫിനെ ദുര്‍ബലമാക്കുന്നതൊന്നുമില്ല. ശക്തമായി നില്‍ക്കുന്ന എല്‍ഡിഎഫിലേക്ക് ഇപ്പോള്‍ ആരെയും എടുക്കാനുദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടാകില്ല. എല്‍ഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് യുഡിഫിനുള്ളില്‍ ആരും വിലപേശേണ്ടതില്ലെന്നും കേരളാകോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം മുസ്ലിം ലീഗിന് ഗുണം ചെയ്യില്ലെന്നും കാനം പ്രതികരിച്ചു. അജണ്ടകളുള്ള പാര്‍ട്ടിയുമായി ലീഗ് കൂട്ടുകൂടരുത്. അത് ലീഗിന് ആത്മഹത്യാപരമായിരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.