പിണറായി വിജയന്‍ എല്‍ഡിഎഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമാണെന്ന് കാനം രാജേന്ദ്രന്‍

പിണറായി വിജയന്‍ എല്‍ഡിഎഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമാണെന്ന് കാനം രാജേന്ദ്രന്‍. ക്യാപ്റ്റന്‍ വിവാദത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങള്‍ ആരെയും ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യാറില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ അഭിസംബോധന ചെയ്യുന്നത് സഖാവ് എന്നാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും ചൂണ്ടിക്കാട്ടി സിപിഐഎം മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. ക്യാപ്റ്റന്‍ പ്രയോഗത്തെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

അതേസമയം, വിവാദത്തില്‍ മുഖ്യമന്ത്രിയും പ്രതികരിച്ചു. ആളുകള്‍ പലതും വിളിക്കുമെന്നും ആശയക്കുഴപ്പം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.