കർണാടക- മഹാരാഷ്ട്ര അതിർത്തി തർക്കം;സുപ്രീംകോടതി തീരുമാനം വരുന്നത് വരെ കാത്തിരിക്കണം അമിത് ഷാ

ന്യൂഡല്‍ഹി. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്ന് കര്‍ണാടക മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുപ്രീം കോടതി വിധി വരുന്നതുവരെ സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ധാരണയായിട്ടുണ്ട്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഓരോ സംസ്ഥാനത്തുനിന്നും മൂന്ന് മന്ത്രിമാരുമായി ഒരു കമ്മിറ്റി രൂപീകരിക്കും. ക്രമസമാധാന പ്രശ്നം പരിശോധിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവല്‍കരിക്കരുതെന്നും സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

1956 മുതലുള്ള തര്‍ക്കത്തിനിടെയാണ് ബുധനാഴ്ച വൈകിട്ട് യോഗം ചേര്‍ന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടര്‍ന്നുള്ളതാണ് അതിര്‍ത്തി പ്രശ്‌നം. നിലവില്‍ കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങള്‍ക്കുവേണ്ടി മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നു. മുന്‍പ് പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു ബെളഗാവി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.